Saturday, 28 September 2024

10000 രൂപ പ്രതിമാസവേതനമുള്ള തൊഴിലാളിക്ക് 'രണ്ട് കോടി രൂപ അടയ്ക്കണം'; ആദായനികുതി നോട്ടീസ്

SHARE


ആദായ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചാൽ തന്നെ ആളുകൾ പരിഭ്രാന്തരാകാറുണ്ട്. എങ്കിൽ പിന്നെ ആദായനികുതി എന്താണെന്ന് പോലും അറിയാത്ത ഒരു കൂലിപ്പണിക്കാരന് കോടികളുടെ തുക നികുതിയായി അടക്കേണ്ടിവന്നാലുള്ള അവസ്ഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ. അത്തരത്തിൽ ഒരു സംഭവമാണ് ബീഹാറില്‍ ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ബീഹാറിലെ ഗയ ജില്ലയിലെ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന രാജീവ് കുമാർ വർമ എന്നയാൾക്ക് നികുതിയായി രണ്ടുകോടിയോളം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആദായ വകുപ്പിന്റെ നോട്ടീസ് ലഭിക്കുകയായിരുന്നു. വെറും പതിനായിരം രൂപ പ്രതിമാസവേതനമുള്ള തൊഴിലാളിയാണ് ഇദ്ദേഹം.

ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് ഏറെ ആശങ്കയിലാണ് ഇപ്പോൾ രാജീവിന്റെ കുടുംബം. നോട്ടീസ് ലഭിച്ചതിന് പിന്നാലെ തുടർച്ചയായി ഇദ്ദേഹം ആദായനികുതി വകുപ്പിന്റെ ഓഫീസ് കയറിയിറങ്ങി. എന്നാല്‍ രാജീവിന്റെ പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജീവിതകാലം മുഴുവൻ കൂലിപ്പണി ചെയ്താൽ പോലും ഇത്രയും വലിയ തുക സമ്പാദിക്കാൻ തനിക്ക് കഴിയില്ലെന്നും രാജീവ് കുമാർ പറഞ്ഞു.

2015 ജനുവരി 22ന് ഗയ ശാഖയിലെ കോർപറേഷൻ ബാങ്കിൽ താന്‍ രണ്ട് ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചിരുന്നു. 2016 ഓഗസ്റ്റ് 16ന് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ അത് പിൻവലിച്ചതായും രാജീവ് പറയുന്നു.

ആദായനികുതി വകുപ്പിനെ സമീപിച്ചപ്പോൾ ഇത് സാങ്കേതിക പിഴവുമൂലം സംഭവിച്ചത് ആകാമെന്നും അപ്പീൽ നല്‍കാന്‍ അവര്‍ നിര്‍ദേശിച്ചതായും രാജീവ് പറഞ്ഞു. സാങ്കേതിക പിഴവുമൂലം സംഭവിച്ചതാണെന്ന് കണ്ടെത്തിയാൽ അപ്പീൽ നടപടിയിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്നും അധികൃതർ പറയുന്നു

നിലവിൽ രണ്ടു ദിവസത്തിനകം പിഴയിനത്തിൽ 67 ലക്ഷം രൂപ അടയ്ക്കാനും രാജീവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആദായനികുതി എന്താണെന്ന് തന്നെ തനിക്ക് അറിയില്ലെന്നും പ്രതിമാസം 10,000 രൂപ വരുമാനമുള്ള ഒരാൾക്ക് എങ്ങനെ റിട്ടേൺ ഫയൽ ചെയ്യാനാകും എന്നും രാജീവ്‌ ചോദിക്കുന്നു.

പരസ്യം ചെയ്യൽ



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user