Friday, 9 August 2024

വയനാട് ദുരന്തം വിളിച്ചു വരുത്തിയതോ? അപകടത്തിന് കാരണം അനധികൃത നിർമാണവും അശ്രദ്ധയും, പ്രദേശവാസികളുടെ പ്രതികരണത്തിലേക്ക്

SHARE


കോഴിക്കോട്: കേരളം നടുങ്ങിയ വയനാട്ടിലെ ദുരന്തത്തിന് വഴി വച്ചത് അനധികൃത നിർമാണവും പല തരത്തിലുള്ള അശ്രദ്ധയുമെന്ന് പൊതുവിലയിരുത്തൽ. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ റിസോട്ടുകളുള്ള പഞ്ചായത്തായി മേപ്പാടി മാറിയിട്ടുണ്ട്. ഒപ്പം എണ്ണമറ്റ ഹോം സ്റ്റേകളും. 2019 മുതല്‍ റിസോർട്ടുകളും ഹോം സ്റ്റേകളും ഉള്‍പ്പെടുന്ന നാല്‍പ്പതോളം കെട്ടിടങ്ങള്‍ക്കാണ് മൂന്ന് വാര്‍ഡുകളിലായി മേപ്പാടി പഞ്ചായത്ത് അനുമതി നല്‍കിയത്.
സ്പെഷ്യല്‍ റെസിഡന്‍ഷ്യല്‍ അനുമതി നല്‍കിയതോടെ കെട്ടിട ബാഹുല്യമായി. രണ്ടായിരത്തിലേറെ വീടുകളാണ് അട്ടമലയിലും മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായിരുന്നതെന്നതും ഞെട്ടിക്കുന്ന കണക്കാണ്. അനധികൃത നിര്‍മാണത്തിലടക്കം ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി എന്നാണ് വനം വകുപ്പ് പറയുന്നത്.
റെഡ് കാറ്റഗറിയിലുള്ള ഈ പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നൽകിയതാണ്. സുരക്ഷ ഇല്ലാത്തതിനാൽ ഈ മേഖലയിൽ കെട്ടിടങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. എൻഒസി ഇല്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകളും മറ്റും അടിയന്തരമായി നിർത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങൾ ആവശ്യമെങ്കിൽ വനം വകുപ്പ് ഏറ്റെടുക്കണം. വയനാട് സൗത്ത് ഡിഎഫ്ഒ അജിത്ത് കെ.രാമന്‍റെ നിർദേശമാണിത്.
മുമ്പ് പല തവണ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് കെട്ടിടങ്ങള്‍ പണിയാൻ അനുമതികള്‍ നല്‍കിയിരുന്നതെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണ മനുഷ്യർ ജീവിക്കാൻ കുടിയേറിയതിന് പുറമെ വൻതോതില്‍ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വ്യാപകമായി റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും അനുമതി കൊടുത്തു.
അഡ്വഞ്ചർ ടൂറിസത്തിനും ട്രക്കിങിനുമായി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഓരോ മാസവും ഈ മലമുകളിലേക്ക് വന്നുകൊണ്ടിരുന്നത്. വിനോദ സഞ്ചാരികളുടെ സുരക്ഷ കാര്യമായി ഉറപ്പാക്കാതെ കനത്ത മഴയിലും ഇവിടങ്ങളില്‍ പ്രവേശനം തടസമില്ലാതെ തുടർന്നു. ട്രക്കിങിനും അഡ്വഞ്ചർ ടൂറിസത്തിനും വിലക്കേർപ്പെടുത്തിയിട്ടും റിസോർട്ടുകളിലെല്ലാം ആളുകള്‍ താമസക്കാരായി ഉണ്ടായിരുന്നു. അനധികൃത നിർമാണം വ്യാപകമായി നടക്കുന്നുവെന്ന പരാതി ഉയർന്നിട്ടും ആരും ഇടപെട്ടില്ല.
അതേസമയം 29ന് ചെറിയ മണ്ണിടിച്ചിലുണ്ടായ ദിവസം വിനോദ സഞ്ചാരമേഖലകളില്‍ നിയന്ത്രണം ഉണ്ടായിട്ടും നിർദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടില്ലെന്നാണ് പ്രദേശിവാസികളുടെ പരാതി. കാലാവസ്ഥ മുന്നറിയിപ്പും കൃത്യമല്ലാതായതോടെ ജനവാസ മേഖലയിലെ ദുരന്തം ഇരട്ടിച്ചു.
1984 മുതൽ വയനാട്ടിൽ ഉരുൾപൊട്ടിയതെല്ലാം മഴക്കാലത്താണ്. അതിതീവ്ര മഴപെയ്‌തപ്പോഴൊക്കെ ഉരുൾ പൊട്ടിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്‌ചയാണ്. അമിതമായി മഴവെള്ളത്തെ താങ്ങാൻ കഴിയാത്ത ഭൂപ്രകൃതിയാണിത്. ഈ നാട് വിട്ട് പലരും പോകാൻ തയ്യാറാകില്ല. എന്നാൽ കർശന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിൽ ഒരുപാട് പേർ രക്ഷപ്പെടുമായിരുന്നുവെന്ന് പ്രദേശവാസിയായ സെയ്‌ദ് മേപ്പാടി പറഞ്ഞു.
ഈ മലഞ്ചൊരുവില്‍ സ്വർണ ഖനിയാകാം എന്ന് കരുതി ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടെ തമ്പടിച്ചിരുന്നു. എന്നാൽ ഖനനം ദുഷ്‌കരമായതോടെ അവർ കൃഷിയിലേക്ക് തിരിഞ്ഞു. അന്ന് തുടങ്ങിയതാണ് ഈ പ്രദേശത്ത് തേയില, കാപ്പി കൃഷികൾ. പിന്നീടാണ് ജനവാസം കൂടി വന്നത്. അത് ഒടുവിൽ തങ്ങാവുന്നതിലും അപ്പുറത്തായി എല്ലാവിധത്തിലും. നഷ്‌ടം ആർക്കും താങ്ങാവുന്നതിന് അപ്പുറത്തും.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user