കോഴിക്കോട്: വടകര ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ബ്രാഞ്ചിലെ പണയ സ്വർണ തട്ടിപ്പ് കേസ് പ്രതി മുൻ മാനേജർ മധ ജയകുമാറിന്‍റെ വീഡിയോ സന്ദേശം പുറത്ത്. ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്‌സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം പണയപ്പെടുത്തിയതെന്നും ബാങ്കിൻ്റെ സോണൽ മനേജറുടെ നിർദേശ പ്രകാരമാണ് സ്വർണം പണയം വച്ചതെന്നും മധ വീഡിയോ സന്ദേശത്തിൽ പറയുന്നു.
ഒരു വർഷം മുമ്പ് അരുൺ എന്ന സോണൽ മാനേജരാണ് ഇവരെ ബാങ്കിലേക്ക് പറഞ്ഞ് വിട്ടത്. എല്ലാ ബ്രാഞ്ചുകൾക്കും സോണൽ മാനേജർ നിർദേശം നൽകിയിരുന്നുവെന്നും മധ പറയുന്നു.
എട്ട് ശതമാനം പലിശയ്ക്ക് കാർഷിക ലോൺ ആയാണ് പണയം വച്ചത്. മലപ്പുറം ബ്രാഞ്ചില്‍ 25 ലക്ഷത്തിനാണ് ആദ്യം പണയം വച്ചത്.
ഒരാളുടെ പേരിൽ ഒരു കോടി വരെ പണയം കൊടുത്തിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, വടകര, കോഴിക്കോട്, സുൽത്താൻ ബത്തേരി, താമരശേരി ബ്രാഞ്ചുകളിൽ ഈ ഗ്രൂപ്പിൻ്റെ ഗോൾഡ് ലോൺ ഉണ്ട്. ഇവർക്ക് നിയമ പ്രകാരം അഗ്രി കൾച്ചറൽ ലോൺ കൊടുക്കാൻ പാടില്ല. നിലവിലെ മാനേജർ ഇർഷാദിന് ചാത്തൻ കണ്ടി ഗ്രൂപ്പുമായി ബന്ധമുണ്ട്. താൻ മുങ്ങിയതല്ല, അവധിയെടുത്താണ് വടകരയിൽ നിന്ന് പോയത്.
അവധി എടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഇ - മെയിൽ വഴി അറിയിച്ചിരുന്നുവെന്നും മധ ജയകുമാർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വടകരയിലെ ഒരു സ്വകാര്യ ഓൺലൈൻ ചാനലിൻ്റെ വെബ് സൈറ്റിലേക്കാണ് 23 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ പുറത്ത് വിട്ടത്. ഇരുട്ട് മുറിയിൽ മുഖം വ്യക്തമാവുന്ന വിധത്തിലാണ് വീഡിയോ പുറത്ത് വിട്ടത്.
വൻ സ്വർണ പണയ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. വടകര സിഐയുടെ നേതൃത്വത്തിൽ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 42 അക്കൗണ്ടുകളിലായി പണയം വച്ച 26.24 കിലോ സ്വര്‍ണം നഷ്‌ടമായെന്ന് കണ്ടെത്തിയിരുന്നു. മുൻ മാനേജറായ മധ ജയകുമാർ ഇത് തട്ടിയെടുത്ത് മുങ്ങിയെന്നാണ് പൊലീസ് സംശയിച്ചത്. ഇയാൾക്കായി പൊലീസ് തമിഴ്‌നാട്ടിലടക്കം തെരച്ചിൽ നടത്തുന്നതിനിടെയാണ് വീഡിയോ സന്ദേശം പുറത്തുവന്നത്.
കൂടുതല്‍ അളവില്‍ സ്വര്‍ണം പണയം വച്ച അക്കൗണ്ടുകളാണ് പ്രതി ലക്ഷ്യം വച്ചത്. തട്ടിപ്പിന്‍റെ ആഴം വ്യക്തമായതോടെയാണ് വടകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തിന് രൂപം കൊടുത്തത്. കഴിഞ്ഞ മാസം ഉണ്ടായ സ്ഥലം മാറ്റമാണ് തട്ടിപ്പ് പൊളിയാൻ കാരണം. പുതുതായെത്തിയ മാനേജർ നടത്തിയ റീ അപ്രൈസൽ നടപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉടൻ ബാങ്ക് ഹെഡ് ഓഫിസിലും പൊലീസിലും വിവരം അറിയിച്ചു.
അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫാക്കി പ്രതി മുങ്ങിയിരുന്നു. മധ ജയകുമാർ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങളും അന്വേഷണ സംഘം എടുത്തിട്ടുണ്ട്. ഇത്രയധികം സ്വർണം പ്രതി എന്ത് ചെയ്‌തുവെന്ന് കണ്ടെത്തുകയാണ് പ്രധാനം. ഇതിനായി പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയുടെ നാടായ തമിഴ്‌നാട് മേട്ടുപാളയം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ബാങ്കിലെ നിലവിലെ സ്വർണ ശേഖരത്തിൻ്റെ കണക്കും സ്ഥിര നിക്ഷേപത്തിൻ്റെ കണക്കും അന്വേഷണ സംഘം എടുത്തിട്ടുണ്ട്.
മറ്റ് ജീവനക്കാരെയും ഉടൻ ചോദ്യം ചെയ്യും. ബാങ്കിൻ്റെ ഹെഡ് ഓഫിസിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ ഫയലുകളും മറ്റും പരിശോധിച്ചു. തട്ടിപ്പ് പുറത്തായിട്ടും ഇതുവരെ സ്വർണം നഷ്‌ടപ്പെട്ട ആരും പൊലീസിനെ സമീപിച്ചിട്ടില്ല. തട്ടിപ്പിൽ പ്രതികരിക്കാൻ ബാങ്കും തയ്യാറായിട്ടില്ല. സ്വർണം പണയം വച്ചവർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യപ്പെടുന്നവർക്ക് അക്കൗണ്ട് പരിശോധിക്കാൻ അവസരമുണ്ടെന്നുമാണ് ബാങ്കിൻ്റെ മറുപടി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക