Saturday, 24 August 2024

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്നു; സംഘത്തിലെ മുഖ്യ കണ്ണികൾ പിടിയിൽ

SHARE


പത്തനംതിട്ട : സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സെക്യൂരിറ്റി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മൊബൈൽ ആപ്പിലൂടെ പന്തളം സ്വദേശികളുടെ പണം തട്ടിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിൽ.
മലപ്പുറം കണ്ണമംഗലം മുസമ്മിൽ തറമേൽ (36), കോഴിക്കോട് കുരുവട്ടൂർ ധനൂപ് (44) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്‌തത്. എസ്എച്ച്‌ഒ ടി ഡി പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ്‌ പ്രതികളെ പിടികൂടിയത്.
പന്തളം തോന്നല്ലൂർ ദീപു സദനത്തിൽ ദീപു ആർ പിള്ളയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഐസിഐസിഐ സെക്യൂരിറ്റീസിൻ്റെ ഷെയർ മാർക്കറ്റ് ആണെന്ന് വിശ്വസിപ്പിച്ച് ഐസിഐസിഐ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചു. തുടർന്ന്, നിതീഷ് എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് 4,26,100 രൂപ ട്രാൻസ്‌ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് മുസമ്മിൽ അറസ്റ്റിലായത്.
ഇയാൾക്ക് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലും സാമ്പത്തിക തട്ടിപ്പിന് കേസ് ഉണ്ട്. പന്തളം കുരമ്പാല ഗോപു സദനത്തിൽ സന്തോഷ് കെ കെയെ വാട്‌സ്‌ആപ്പിലൂടെ പരിചയപ്പെട്ട് ഐസിഐസിഐ സെക്യൂരിറ്റീസിൻ്റെ സ്റ്റോക്ക് ബ്രോക്കിങ് ആണെന്ന് പരിചയപ്പെടുത്തി വിശ്വസിപ്പിച്ച് ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് പലതവണയായി 10,49,107 രൂപ ന്യൂഡൽഹി ലക്ഷ്‌മി നഗറിലെ സായി ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൻ്റെ ഇൻഡസ് ബാങ്ക് ശാഖയിലേക്ക് അയച്ചുകൊടുത്ത പണം തട്ടിയെടുത്ത കേസിലാണ് ധനൂപിൻ്റെ അറസ്റ്റ്.
ഇയാൾക്ക് മൂന്ന് ബാങ്ക് അക്കൗണ്ടുകളുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾ വേറെയും സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ, കുഴൽപ്പണ മാഫിയ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് ജില്ല പൊലീസ് മേധാവി എസ് സുജിത്ത് ദാസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം, അടൂർ ഡിവൈഎസ്‌പി സന്തോഷ് കുമാറിൻ്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച്‌ഒ ടി ഡി പ്രജീഷ്, എസ് ഐ അനീഷ് എബ്രഹാം, എഎസ്ഐ ബി ഷൈൻ, സിപിഒമാരായ ശരത്ത് പിള്ള, ടി എസ് അനീഷ്, എസ് അൻവർഷ, ആർ രഞ്ജിത്ത് എന്നിവരങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user