Tuesday, 13 August 2024

ബസ് അപകടത്തെ തുടർന്ന് ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് ഇൻഷുറൻസ് തുക നൽകണമെന്ന് ഉപഭോക്തൃ കോടതി

SHARE


കൊച്ചി :തികച്ചും സങ്കുചിതമായ രീതിയിൽ ഇൻഷുറൻസ് നിബന്ധനകളെ വ്യാഖ്യാനിച്ച് തുക നിരസിക്കുന്ന ഇൻഷുറൻസ് കമ്പനിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
ബസ് അപകടത്തെ തുടർന്ന് ഇടതുകൈ മുറിച്ചുകളയേണ്ടി വന്ന യുവാവിന് ജോലി നഷ്ടപ്പെട്ടതിനാൽ ഇൻഷുറൻസ് തുക പൂർണമായും നൽകണമെന്ന് കോടതി ഇൻഷുറൻസ് കമ്പനിക്ക് നിർദ്ദേശം നൽകി.കോട്ടയം വൈക്കം സ്വദേശിയായ വിഷ്ണുരാജ് നവി ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച കേസിലാണ് ഉത്തരവ്.
31 വയസ്സുള്ള പരാതിക്കാരന് 2020 ജനുവരി ഒന്നിലാണ് എറണാകുളം പറവൂരിൽ ഉണ്ടായ ബസ് അപകടത്തിൽ ഇടതുകൈ പൂർണ്ണമായും മുറിച്ചു കളയേണ്ടി വന്നത്. വെൽഡറായ ആ യുവാവിന്റെ ജോലിയും ഇതോടെ നഷ്ടപ്പെട്ടു. ഗ്രൂപ്പ് ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പോളിസിയിൽ ചേർന്നിരുന്ന യുവാവ് ഇൻഷുറൻസ് തുക ലഭിക്കുന്നതിനുവേണ്ടി അപേക്ഷ സമർപ്പിച്ചു. എന്നാൽ ഇൻഷുറൻസ് തുക നിരസിച്ചു കൊണ്ടുള്ള മറുപടിയാണ് കമ്പനി നൽകിയത്. കൈ മുറിച്ചു കളഞ്ഞതിനു കാരണം ബസ് അപകടം ആണെന്നും അത് ഇൻഷുറൻസ് കവറേജിന്റെ പരിധിയിൽ വരുന്നതല്ലെന്നും മോട്ടോർ വാഹന ആക്സിഡൻറ് ക്ലൈം റിബ്യൂണലിനെയാണ് പരാതിക്കാരൻ സമീപിക്കേണ്ടത് ഒന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ നിലപാട്. ഇൻഷുറൻസ് ഓംബുഡ്സ്മാനെ പരാതിക്കാരൻ ആദ്യം സമീപിച്ചു. ഇൻഷുറൻസ് തുക നൽകണമെന്ന് ഓംബുഡ്സ്മാൻ നിർദ്ദേശവും നൽകി.
എന്നിട്ടും ആ ഉത്തരവ് നടപ്പിലാക്കാൻ ഇൻഷുറൻസ് കമ്പനി തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. അപകടത്തെ തുടർന്ന് ആഴത്തിൽ മുറിവ് ഉണ്ടാവുകയും സാരമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്തു. കിഡ്നി ഉൾപ്പെടെയുള്ള അവയവങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു . ഈ സാഹചര്യത്തിലാണ് ഇടത് കൈ പൂർണമായും മുറിച്ചു കളയേണ്ടിവന്നത് അതോടെ ജോലിയും നഷ്ടപ്പെട്ടു. ചുരുക്കത്തിൽ അപകടത്തെ തുടർന്നുണ്ടായ അണുബാധയാണ് കൈമുറിച്ചുകളയാൻ കാരണമെന്നും അതോടെ ജോലി നഷ്ടപ്പെട്ട യുവാവ്, ഇൻഷുറൻസ് നിബന്ധനകൾ പൂർണമായി പാലിക്കപ്പെട്ട സാഹചര്യത്തിൽ ഇൻഷുറൻസ് തുക നൽകാനുള്ള നിയമപരമായ ബാധ്യത ഇൻഷുറൻസ് കമ്പനിക്ക് ഉണ്ടെന്ന് കമ്മീഷൻ വിലയിരുത്തി.
ഇൻഷുറൻസ് കാലയളവിൽ തന്നെയാണ് അപകടം സംഭവിച്ചത്. ഈ സാഹചര്യത്തിൽ ഇൻഷുറൻസ് തുക പരാതിക്കാരന് എതിർകക്ഷി 45 ദിവസത്തിനകം നൽകണമെന്നും ഡി.ബി .ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ , ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് എതിർകക്ഷിക്ക് നിർദേശം നൽകി.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user