Wednesday, 21 August 2024

യാത്രക്കാർ ജാഗ്രതൈ; സൂക്ഷിച്ചില്ലെങ്കില്‍ 'നടുവൊടിയും' പാപ്പിനിശ്ശേരി-പി​ലാ​ത്ത​റ കെഎസ്‌ടി​പി റോ​ഡിന്‍റെയും മേൽപ്പാലങ്ങളുടെയും അവസ്ഥ ദയനീയം

SHARE


കണ്ണൂർ: വ​ലി​യ​ യാത്ര ല​ക്ഷ്യ​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ട് കോ​ടി​ക​ൾ മു​ട​ക്കി ഒരുക്കിയ പാപ്പിനിശ്ശേരി-പി​ലാ​ത്ത​റ കെഎസ്‌ടി​പി റോ​ഡിന്‍റെയും ര​ണ്ട് മേ​ൽ​പ്പാ​ല​ങ്ങ​ളുടെയും ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. പതിയെ പോയാൽ നിങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താം, അല്ലെങ്കിൽ ജീവൻ നഷ്‌ടപ്പെട്ടേക്കാം എന്ന അവസ്ഥയാണ്.
120 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് 21 കിമീ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡിന് ഹൈ​ടെ​ക് എ​ന്ന ഓ​മ​ന പേ​രി​ട്ട് 2018ലാ​ണ് തുറന്ന് കൊ​ടു​ത്ത​ത്. വർഷം ആറ് പിന്നിട്ടതെ ഉള്ളൂ, ആ റോ​ഡിന്‍റെയും രണ്ട് മേ​ൽപ്പാ​ല​ങ്ങ​ളു​ടെ​യും അ​പാ​കം ഇപ്പോൾ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളിലേക്ക് വ്യാ​പി​ച്ച് യാ​ത്ര ദുസഹ​മാ​കു​കയാണ്.
പി​ലാ​ത്ത​റ മു​ത​ൽ പാ​പ്പി​നി​ശ്ശേ​രി വ​രെയുള്ള റോ​ഡ് പ​രി​ശോ​ധി​ച്ചാ​ൽ എ​ണ്ണി​യാ​ൽ ഒ​ടു​ങ്ങാ​ത്ത കു​ഴി​ക​ളാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​രെ കു​ഴ​ക്കു​ന്ന​ത്. പാ​പ്പി​നി​ശ്ശേ​രി, പാ​പ്പി​നി​ശ്ശേ​രി വെ​സ്‌റ്റ്, കരിക്കൻ കു​ളം, കൊ​ട്ട​പ്പാ​ലം, ഇ​രി​ണാ​വ്, കണ്ണപുരം, കൊ​വ്വ​പ്പു​റം, താ​വം തു​ട​ങ്ങി​യ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലെ കുഴികൾ എ​ണ്ണി​യാ​ൽ തീരില്ല. പല സ്ഥ​ല​ത്തും മീ​റ്റ​റു​ക​ളു​ടെ ദൂരത്തി​ൽ റോ​ഡാ​കെ തകർന്ന അവസ്ഥയിലാണ്. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ഇവിടെ ദിനംപ്രതി കൂടി വരികയാണ്. ദേശീയപാത വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്കി​ട​യി​ൽ ച​ര​ക്ക് ലോ​റി​ക​ളും ദീർഘ​ദൂ​ര യാ​ത്ര​ക്കാ​രും പി​ലാ​ത്ത​റ മു​ത​ൽ വളപ​ട്ട​ണം ദേ​ശീ​യ​പാ​ത വ​രെ എ​ത്തു​ന്ന​തി​നാ​യി കെഎസ്‌ടി​പി റോ​ഡി​നെ​യാ​ണ് കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത്. ദേശീയ​പാ​ത വ​ഴി ഒ​ഴി​വാ​ക്കി​യാ​ൽ ആ​റു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം കു​റ​ഞ്ഞ് കി​ട്ടു​ന്ന​താണ് വാ​ഹ​ന യാ​ത്ര​ക്കാ​രെ കെഎസ്‌ടി​പി റോഡി​നെ ആ​ശ്ര​യി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നത്.
കെഎസ്‌ടി​പി റോ​ഡ് മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം 2022 ഡി​സം​ബ​റി​ൽ 75 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് റോഡിന്‍റെ പ​ല ഭാ​ഗ​ത്തും പു​ന​ർ ടാ​റി​ങ്ങും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ട് മേൽ​പാ​ല​വും അ​പാ​ക​ത നിറഞ്ഞതാണെ​ന്ന കാ​ര​ണ​ത്താ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം ഏറ്റെ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു മാ​റിയിരുന്നു. ഇന്ന് രണ്ട് മേൽപ്പാലത്തിന് മുകളിലെയും വെളിച്ചം നിലച്ചു. വൈദ്യുത തൂണുകൾ തുരുമ്പടിച്ചു ഏത് നേരത്തും നിലം പൊത്താവുന്ന അവസ്ഥയാണ്.
പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ന്ന പാ​പ്പിനി​ശ്ശേ​രി പ​ഴ​യ​ങ്ങാ​ടി ക​വ​ല മു​ത​ൽ 500 മീ​റ്റ​ർ നീ​ള​ത്തി​ല്‍ കാട്ടിപ്പ​ള്ളി​ക്ക് സ​മീ​പം വരെ​യും പാ​പി​നി​ശ്ശേ​രി ക​വ​ല​യി​ൽ നി​ന്നും 11 കി​ലോ​മീ​റ്റ​ർ അ​ക​ലെ 600 മീറ്ററും 17 കി​ലോ മീ​റ്റ​ർ അ​ക​ലെ 600 മീറ്ററും ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ 2021ൽ ന​വീ​ക​രി​ച്ചിരുന്നു.
ക​ഴി​ഞ്ഞ വ​ർ​ഷം കെഎസ്‌ടി​പി റോ​ഡി​ന്‍റെ 21 കിമീ​റ്റ​റി​ൽ 1.7 കി​മീ ദൈ​ർ​ഘ്യ​ത്തി​ൽ മാത്രമാണ് മു​ക്കാ​ൽ കോ​ടി രൂപ ഉ​പ​യോ​ഗി​ച്ച് മി​നു​ക്കാ​ൻ ശ്ര​മി​ച്ച​ത്. എന്നാൽ റോ​ഡിന്‍റെ പ​ല ഭാഗങ്ങളിലെ ത​ക​ർ​ച്ച​യും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാണ്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user