Tuesday, 6 August 2024

പേന മോഷ്ടിച്ചെന്ന് ആരോപണം, മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ പൊതിരെ തല്ലി, കണ്ണ് മൂടിക്കെട്ടി മൂന്ന് ദിവസം മുറിയിലിട്ട് പൂട്ടി; കേസ്

SHARE


ബംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ വിറകുകൊള്ളി കൊണ്ട് തല്ലുകയും മൂന്ന് ദിവസം മുറിയിലിട്ട് പൂട്ടുകയും ചെയ്തതായി പരാതി. കര്‍ണാടക റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമം ഇന്‍ ചാര്‍ജിനും സഹായികള്‍ക്കുമെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്ന തരുണ്‍ കുമാര്‍ എന്ന കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണം നേരിടുന്ന ഇന്‍ ചാര്‍ജ് വേണുഗോപാലിനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
‘പ്രായമായ രണ്ട് ആണ്‍കുട്ടികളും ഒരു അധ്യാപകനും എന്നെ അടിച്ചു. അവര്‍ എന്നെ വിറക് കൊണ്ട് തല്ലി, അത് പൊട്ടിയപ്പോള്‍ അവര്‍ ഒരു ബാറ്റ് ഉപയോഗിച്ചും മര്‍ദ്ദനം തുടര്‍ന്നു. അവര്‍ എന്റെ ശരീരത്തിലും മുറിവുണ്ടാക്കി. റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ അവര്‍ എന്നെ കൊണ്ടുപോയി, പക്ഷേ എനിക്ക് പണമൊന്നും ലഭിച്ചില്ല, ‘- കുട്ടി അനുഭവം വിവരിച്ചു. ആക്രമണത്തില്‍ കണ്ണ് ഉള്‍പ്പെടെ വിവിധ ശരീരഭാഗങ്ങളില്‍ പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
‘സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ആശ്രമത്തില്‍ ചേര്‍ത്ത് പഠിപ്പിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. കളിക്കുന്നതിനിടെ സഹപാഠികള്‍ പേന മോഷ്ടിച്ചെന്ന് ആരോപിച്ച് ആശ്രമം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. തരുണിന്റെ അമ്മ രാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.’- കുടുംബം പറയുന്നു.
മകന്‍ പേന മോഷ്ടിച്ചു എന്ന ആരോപണം അമ്മ നിഷേധിച്ചു. ‘കൈയില്‍ പേന ഇല്ലാതിരുന്നതിനാല്‍ മറ്റൊരു കുട്ടിയാണ് അധ്യാപകന്റെ പേന എന്റെ മകന് കൊടുത്തത്. ഞായറാഴ്ച പേന തിരഞ്ഞപ്പോള്‍ എന്റെ മകന്റെ പക്കല്‍ നിന്ന് അധ്യാപകന്‍ കണ്ടെടുക്കുകയായിരുന്നു’ -അവര്‍ പറഞ്ഞു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user