Thursday, 29 August 2024

ഒന്നരവയസുള്ള കുഞ്ഞുമായി വീടുവിട്ടിറങ്ങി; കാണാതായ യുവതിയെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

SHARE


കോഴിക്കോട്: ഒന്നര വയസുള്ള കുഞ്ഞുമായി വീട് വിട്ടിറങ്ങിയ യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് പൊലീസ്. താമരശേരി സ്വദേശിനിയായ യുവതിയെയും മകനെയുമാണ് പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ വീട്ടിൽ തിരിച്ചെത്തിച്ചത്. താമരശേരി, അത്തോളി, കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനുകളുടെയും പിങ്ക് പൊലീസിൻ്റെയും ഇടപെടലിന്‍റെ ഫലമായാണ് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്.
ചൊവ്വാഴ്‌ച (ഓഗസ്റ്റ് 27) ഉച്ചയോടെയാണ് യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും കാണാതായത്. ഇതേ തുടര്‍ന്നാണ് കുടുംബം താമശേരി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. സൈബർ പൊലീസിന്‍റെ സഹായത്തോടെ യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇവർ ഉള്ള്യേരി ഭാഗത്താണുള്ളതെന്ന് കണ്ടെത്തി.
തുടർന്ന് ഈ പരിധിയിലുള്ള അത്തോളി പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി കൊയിലാണ്ടി ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്ന് കണ്ടെത്തി.യുവതിയുടെ ഫോണ്‍ നമ്പറിലേക്ക് പൊലീസുകാര്‍ വീണ്ടും വിളിച്ചെങ്കിലും ഇവർ ഫോൺ എടുത്തില്ല. എന്നാല്‍ പിന്നീട് തിരികെ വിളിച്ച യുവതി താൻ കുഞ്ഞുമായി ജീവനൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞു.
രോഷത്തോടെ സംസാരിച്ച യുവതിയെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇവര്‍ ഫോണ്‍ കട്ട് ചെയ്‌തു. ഫോൺ ലൊക്കേഷൻ വഴി ഇവർ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഉണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അവിടേക്ക് വിവരം നൽകി. ഈ പരിസരങ്ങളില്‍ കൊയിലാണ്ടിയിലെയും അത്തോളിയിലെയും പൊലീസുകാര്‍ സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെത്തുടർന്ന് വീണ്ടും യുവതിയെ ബന്ധപ്പെടാനും കഴിഞ്ഞില്ല. വീണ്ടും ഫോൺ ഓൺ ആയ സമയം താമരശേരി ഭാഗത്തായിരുന്നു ഫോൺ ലൊക്കേഷൻ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെയും മകനെയും താമരശേരി ആനക്കാംപൊയിലില്‍ വച്ച് ബസില്‍ നിന്നും കണ്ടെത്തി.
വീട്ടിലേക്ക് പോകാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ യുവതിയെ കൗൺസിലിങ് നൽകി അനുനയിപ്പിച്ച് ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി വീട് വിട്ടിറങ്ങാനുള്ള കാരണം വ്യക്തമല്ല.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user