വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ ഇന്നും നാളെയും വിശദമായ തെരച്ചിൽ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് ഫോഴ്‌സ്, ഫോറസ്‌റ്റ് ഡിപ്പാർട്ട്‌മെന്‍റ്, രക്ഷാപ്രവർത്തകർ എന്നിവരടങ്ങുന്ന 190 അംഗ സംഘം അഞ്ച് സോണുകളിലായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി 253 വാടകവീടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തിൽ അതിജീവിച്ചവരുമായി കൂടിയാലോചിച്ച ശേഷമേ പുനരധിവാസ നടപടികൾ ഉണ്ടാകൂവെന്നും മന്ത്രി അറിയിച്ചു. പതിനെട്ട് സംഘങ്ങൾ 14 ദുരിതാശ്വാസ ക്യാമ്പുകളിൽ സർവേ നടത്തുന്നുണ്ട്. അവർക്ക് താമസിക്കാനായി ഇഷ്‌ടമുള്ള പഞ്ചായത്ത് തെരഞ്ഞെടുക്കാം. അടിസ്ഥാന ഫർണിച്ചറുകളും മറ്റ് ആവശ്യമായ വീട്ടുപകരണങ്ങളും അവർക്ക് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ നടത്തിയ വ്യാപക തെരച്ചിൽ നിർത്തിവെച്ചിരുന്നു. ഞായാറാഴ്‌ച (ഓഗസ്‌റ്റ് 11) നടത്തിയ തെരച്ചിലിൽ 2000 പേർ പങ്കെടുത്തതായും മന്ത്രിസഭാ ഉപസമിതി അറിയിച്ചു. തെരച്ചിലിൽ കാന്തൻപാറ വനമേഖലയിൽ നിന്ന് മൂന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നതായും ഉപസമിതി പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ കണക്കനുസരിച്ച്, ഉരുൾപൊട്ടലിൽ 229 പേർ മരിച്ചു, 130 ലധികം പേരെ കാണാതായി. 51 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1770 പേരാണ് കഴിയുന്നത്. ഇതിൽ 673 സ്‌ത്രീകളും 439 കുട്ടികളും ഉൾപ്പെടുന്നു. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ വീണ്ടെടുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് (എൽഎസ്‌ജിഡി) ദുരന്തബാധിത പ്രദേശങ്ങളിൽ തിങ്കളാഴ്‌ച (ഓഗസ്‌റ്റ് 12) പ്രത്യേക ക്യാമ്പ് നടത്തും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക