Thursday, 22 August 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാക്കണം; ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

SHARE


എറണാകുളം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ച് കൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ. തിരുവനന്തപുരം സ്വദേശി പായ്‌ചിറ നവാസ് ആണ് ഹർജി സമർപ്പിച്ചത്.
ചലച്ചിത്ര മേഖലയിലെ ലൈംഗിക കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്ന റിട്ട. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്തുള്ള അന്വേഷണം സാധ്യമാണോയെന്ന് സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ്ണ രൂപം മുദ്ര വച്ച കവറിൽ ഹാജരാക്കാനും സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
ഹർജിയിൽ വനിത കമ്മിഷനെ ഹൈക്കോടതി സ്വമേധയ കക്ഷി ചേർത്തു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെട്ടിട്ടുണ്ടോയെന്ന് സർക്കാരിനോട് ചോദിച്ച കോടതി, റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഒഴിവാക്കിയേക്കുമെന്നാണ് പലരും ഉന്നയിക്കുന്ന ആശങ്കയെന്നും കൂട്ടിചേർത്തു. സമൂഹത്തെ ബാധിക്കുന്ന വിഷയമാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരാണ് ഇരകളാക്കപ്പെട്ടവർ. പരാതിയുമായി അവർ മുന്നോട്ടു വരേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, രഹസ്യാത്മകത സൂക്ഷിക്കുമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി മുൻപാകെ ഇരകൾ മൊഴി നൽകിയത് എന്നായിരുന്നു എ.ജിയുടെ (അറ്റോർണി ജനറൽ) മറുപടി. അതിനാൽ നേരിട്ട് പരാതി നൽകിയാൽ മാത്രമേ നടപടിയെടുക്കാനാകൂ, പക്ഷേ പോക്സോയിൽ കേസെടുക്കാനാകുമെന്നും എ.ജി സൂചിപ്പിച്ചു. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user