Monday, 15 July 2024

'ലിഫ്റ്റിലെ അലാറം അമര്‍ത്തി, എമര്‍ജന്‍സി നമ്പറിലും വിളിച്ചു, ആരും പ്രതികരിച്ചില്ല'; സംഭവിച്ചത് ഗുരുതര അനാസ്ഥയെന്ന് രവീന്ദ്രന്‍റെ മകന്‍

SHARE


 തിരുവനന്തപുരം: മെഡിക്കൽ കോളജ് ലിഫ്റ്റിൽ ചികിത്സയ്‌ക്കായി എത്തിയ രോഗി കുടുങ്ങികിടന്നത് രണ്ട് ദിവസമാണ്. ശനിയാഴ്‌ച രാവിലെ 12 മണിക്ക് ലിഫ്റ്റിൽ കയറിയ നിയമസഭ താത്കാലിക ജീവനക്കാരനും സിപിഐ തിരുമല ലോക്കൽ സെക്രട്ടറിയുമായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഒപി ടിക്കറ്റ് എടുത്ത് ഓർത്തോ വിഭാഗത്തിലേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹം ലിഫ്റ്റിൽ അകപ്പെട്ടത്.
ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് അവശ നിലയിൽ രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളിൽ കണ്ടത്. തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളജ് വാർഡിലേക്ക് മാറ്റി. രണ്ട് ദിവസമായി രവീന്ദ്രൻ നായരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നതായി മകൻ ഹരിശങ്കർ ഇടിവി ഭാരതിനോട് പറഞ്ഞു.
രവീന്ദ്രൻ നായരുടെ ഭാര്യ ശ്രീലേഖ മെഡിക്കൽ കോളജിലെ തന്നെ ഫാർമസി ഉദ്യോഗസ്ഥയാണ്. സിപിഐ പ്രാദേശിക നേതാവായ പി രവീന്ദ്രൻ നിയമസഭ നിള ബ്ലോക്കിലെ താത്കാലിക ജീവനക്കാരനാണ്. മുൻ സിപിഐ എംപി സുരേന്ദ്രനാഥിന്‍റെ പ്രൈവറ്റ് സ്റ്റാഫ്‌ അംഗവുമായിരുന്നു ഇദ്ദേഹം. ശനിയാഴ്‌ച രാവിലെ ഓർത്തോയിൽ നടുവേദനയ്‌ക്ക് ചികിത്സയ്ക്ക് എത്തിയതായിരുന്നു രവീന്ദ്രൻ.
ബ്ലഡ്‌ ടെസ്റ്റിന്‍റെ ഫലവുമായി ഡോക്‌ടറെ കാണാൻ പോകുന്നതിനിടെയാണ് മെഡിക്കൽ കോളജിലെ 11-ാം നമ്പർ ലിഫ്റ്റിൽ കുടുങ്ങിയതെന്ന് മകൻ പറയുന്നു. ലിഫ്റ്റിൽ കണ്ട അലാറം സ്വിച്ചിലും അടിയന്തര സേവന ഫോൺ നമ്പറുകളിലും വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. ലിഫ്റ്റ് ഓപ്പറേറ്റർമാരുണ്ടായിരുന്നില്ല. സെക്യൂരിറ്റികളും ശ്രദ്ധിച്ചില്ല.
ലിഫ്റ്റ് പൊടുന്നനെ നിന്നതോടെ രവീന്ദ്രന്‍റെ കൈയിലിരുന്ന ഫോൺ താഴെ വീണു ഡിസ്‌പ്ലേ പൊട്ടിയിരുന്നു. പിന്നാലെ ചാർജ് തീർന്ന് ഓഫ്‌ ആവുകയും ചെയ്‌തു. അതുകൊണ്ടുതന്നെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ലിഫ്‌റ്റിലെ അലാറം സ്വിച്ചിൽ അമർത്തുകയും ഫോണിൽ വിളിക്കുകയും പറ്റാവുന്നത്ര ഉച്ചത്തിൽ ശബ്‌ദമുണ്ടാക്കുകയും ചെയ്‌തിട്ടും രക്ഷിക്കാൻ ആരും എത്താത്തതോടെ രണ്ട് രാത്രിയും ഒരു പകലും രവീന്ദ്രന് ഒറ്റയ്‌ക്ക് ലിഫ്റ്റിൽ കഴിയേണ്ടിവന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയാണ് രവീന്ദ്രനെ ചികിത്സ വാർഡിലേക്ക് മാറ്റിയത്. നിലവിൽ മെഡിക്കൽ കോളജ് പേ വാർഡിൽ ചികിത്സയിലാണ് ഇദ്ദേഹം. പരാതിയുമായി മുന്നോട്ട് പോകുന്ന കാര്യം പിന്നീട് വീട്ടുകാരുമായി ചർച്ചചെയ്‌ത് തീരുമാനിക്കുമെന്നും മകൻ വ്യക്തമാക്കി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user