തിരുവനന്തപുരം : വിൽപ്പന കരാർ ലംഘിച്ചതിന് പൊലീസ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്‍റെ ഭാര്യയുടെ പേരിലുള്ള സ്ഥലം ജപ്‌തി ചെയ്യാൻ ഉത്തരവ്. തിരുവനന്തപുരം സബ് കോടതിയാണ് ഉത്തരവിട്ടത്. ഭൂമി വിൽക്കാനായി 30 ലക്ഷം മുൻകൂർ വാങ്ങിയ ശേഷം കരാർ ലംഘിച്ചെന്ന പരാതിയിലാണ് നടപടി.
സ്ഥലത്തിന് ബാധ്യത ഉണ്ടായിരുന്നെന്ന കാര്യം ആദ്യം ഡിജിപി പറഞ്ഞില്ലെന്നും ബാധ്യത ഇല്ലെന്നാണ് കരാറിൽ പറഞ്ഞിരുന്നതെന്നും സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കേസ് നൽകിയ പരാതിക്കാരൻ ഉമർ ഷെരീഫിന്‍റെ ആരോപണം. 2023 ജൂൺ 22 നാണു കരാർ എഴുതിയത്. മൂന്നു തവണ ആയിട്ടാണ് 30 ലക്ഷം കൊടുത്തത്. അഞ്ചു ലക്ഷം രൂപ ഡിജിപിയുടെ ഓഫിസിൽ കൊണ്ട് പോയി നേരിട്ടാണ് കൊടുത്തത്.
ഇതോടെയാണ് കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടത്. നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും തിരിച്ചു നൽകിയില്ല. ഒരു വർഷം ആയപ്പോഴാണ് വക്കീൽ നോട്ടിസ് അയച്ചതെന്നും ഉമർ ഷെരീഫ് അരോപിക്കുന്നു. അതേസമയം ഭൂമി ഇടപാടിൽ ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് പ്രതികരിച്ചു.
കൃത്യമായ കാരാറോടെയാണ് ഭൂമി വിൽപ്പനയിൽ ഏർപ്പെട്ടത്. അഡ്വാൻസ് പണം തന്ന ശേഷം കരാറുകാരൻ ഭൂമിയിൽ മതിൽ കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും പണം നൽകാതെ അഡ്വാൻസ് തിരികെ ചോദിച്ചു. പണം തിരികെ നൽകിയാൽ ജപ്‌തി ഒഴിവാക്കുമെന്നും
തനിക്കാണ് നഷ്‌ടം സംഭവിച്ചതെന്നും ഡിജിപി പറഞ്ഞു.
ഭൂമി വിറ്റിട്ട് പണം നൽകാമെന്ന് അറിയിച്ചു. ഭൂമിക്ക് വായ്‌പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. മുഴുവൻ പണവും നൽകിയ ശേഷം പ്രമാണം എടുത്തു നൽകാമെന്ന് ധാരണയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക