തിരുവനന്തപുരം: അമീബിക്ക് മസ്‌തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഓഫീസ് അറിയിച്ചു. രോഗത്തെ കുറിച്ച് ലോകാത്താകമാനം വളരെ കുറച്ചു ഗവേഷണങ്ങൾ മാത്രം നടന്നിട്ടുള്ളതിനാൽ തുടര്‍ പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ പുതിയ സമിതിയെ സർക്കാർ നിയോഗിക്കും.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഈ മാര്‍ഗരേഖ കൃത്യമായി പാലിക്കണമെന്ന് മന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇത്തരത്തിൽ സമ്പർക്കം പുലർത്തുന്നവരിൽ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്താണ് അമീബിക്ക് മസ്‌തിഷ്‌ക ജ്വരം
അമീബിക്ക് മസ്‌തിഷ്‌ക ജ്വരം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്‌തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോയാണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാവുകയും ചെയ്യുക.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. വേനല്‍ കാലത്ത് വെള്ളത്തിന്‍റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി വെള്ളത്തിൽ കാണുകയും ചെയ്യുന്നത്. രോഗാണുബാധ ഉണ്ടായാൽ ആദ്യ ദിവസം മുതൽ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാകും രോഗലക്ഷണങ്ങള്‍ ഉണ്ടാകുക.
എങ്ങനെ കണ്ടെത്താം, ചികിത്സ എങ്ങനെ
നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗനിര്‍ണയം നടത്തുന്നത്. പിന്നീട് പിസിആര്‍ പരിശോധനയിലൂടെയാകും രോഗം സ്ഥിരീകരിക്കുക. ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് അമീബയ്‌ക്കെതിരെയുള്ള ചികിത്സ.
രോഗം ഭേദമാക്കാന്‍ എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങണം. രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കി തുടങ്ങണം. ചികിത്സ വേഗത്തിൽ ലഭ്യമാക്കിയാൽ മാത്രമേ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കു.
ലക്ഷണങ്ങൾ എന്തെല്ലാം
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് രോഗം ഗുരുതരമായാൽ അപസ്‌മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും.
പാലിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ
ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാന്‍ പാടില്ല.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്‌ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
മൂക്കിലേക്ക് വെള്ളം ഒഴിക്കരുത്.
മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കാവുന്നതാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടേണ്ടതാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക