Thursday, 25 July 2024

നിപ രോഗിയെ പരിചരിച്ച നഴ്‌സ് അബോധാവസ്ഥയിൽ: ജീവൻ നിലനിർത്തുന്നത് തൊണ്ടയിലെ ട്യൂബിന്‍റെ സഹായത്തോടെ; സഹായം തേടി കുടുംബം

SHARE


കോഴിക്കോട് : പെറ്റമ്മയെപ്പോലും തിരിച്ചറിയാനാവാതെ, കണ്ണിമ തുറക്കാൻ കഴിയാതെ, സ്വന്തമായി ഒരിറ്റ് കുടിനീർ ഇറക്കാൻ പോലും കഴിയാതെ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ കഴിഞ്ഞ എട്ടു മാസങ്ങളായി ചലനമറ്റ് കിടക്കുകയാണ് 24കാരനായ മംഗളൂരു മര്‍ദാല സ്വദേശി ടിറ്റോ തോമസ്. നിപ ബാധിച്ച് ഇഖ്റ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മരുതോങ്കര സ്വദേശിയെ പരിചരിച്ച നഴ്‌സ് ടിറ്റോയ്‌ക്കും നിപ പിടിപെട്ടിരുന്നു. എന്നാൽ രോഗമുക്തി നേടിയ ടിറ്റോ ഇപ്പോൾ ലേറ്റന്‍റ് നിപ എൻസഫലൈറ്റിസ് എന്ന അപൂർവ രോഗാവസ്ഥയിൽ ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
2023 ഓഗസ്റ്റിൽ കടുത്ത പനിയുമായി ആശുപത്രിയിലെത്തിയതായിരുന്നു മരുതോങ്കര സ്വദേശി. രോഗിയെ പരിചരിച്ചത് ടിറ്റോയായിരുന്നു. മരണ ശേഷമായിരുന്നു രോഗിക്ക് നിപ സ്ഥിരീകരിച്ചത്. പിന്നാലെ ടിറ്റോയ്ക്കും നിപ പിടിപെട്ടു. രോഗ മുക്തിനേടിയ ടിറ്റോ ജോലിയിൽ തിരിച്ചെത്തി. എന്നാൽ പിന്നാലെ കഴുത്തുവേദനയും തലവേദനയും വന്നു. അന്ന് തലവേദന അത്രകാര്യമായി എടുത്തിട്ടില്ല.
ശ​ക്ത​മാ​യ ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടതിനെ തു​ട​ർ​ന്ന് ഡിസംബറിൽ പൂനെ വൈ​റോ​ള​ജി ഇൻസ്റ്റിറ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ പരിശോധയിലാണ് ലേറ്റന്‍റ് എ​ൻ​സ​ഫ​ലൈ​റ്റി​സ് ബാ​ധി​ച്ച​താ​യി കണ്ടെ​ത്തിയത്. തുടർന്ന് ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ ചികിത്സ തുടങ്ങി. ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ ടിറ്റോ അബോധാവ​സ്ഥ​യി​ലാ​വു​ക​യും ചെയ്‌തു.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആരോ​ഗ്യവകുപ്പ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്‌ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ഇഖ്റ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുന്ന ടിറ്റോയുടെ ചികിത്സ ചെലവ് മാനേജ്മെന്‍റ് തന്നെ വഹിക്കുകയാണ്. ഇതിനകം 40 ലക്ഷത്തോളം രൂപ ചെലവായി കഴിഞ്ഞു.
വയറിൽ ട്യൂബ് ഘടിപ്പിച്ചാണ് ഭക്ഷണം നൽകുന്നത്. ശ്വാ​സോ​ച്ഛാ​സം നിലനിർത്തുന്നത് തൊണ്ടയിലെ ട്യൂബ് വഴിയാണ്. ആരോഗ്യ സ്ഥിതിയിൽ പുരോഗതി കാണാൻ സാധ്യതയില്ലെന്ന് ചികിത്സിക്കുന്ന ഡോക്‌ടർമാര്‍ വിധിയെഴുതിയിരിക്കുകയാണ്. അപ്പോഴും പ്രതീക്ഷ കൈവിടാതെയിരിക്കുകയാണ് അമ്മയും സഹോദരനും.
മറ്റൊരു ആശുപത്രിയിലേക്ക് മാറണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ട്. എന്നാൽ സാമ്പത്തിക സ്ഥിതിയാണ് പ്രധാന തടസം. ജോ​ലി ഉ​പേ​ക്ഷി​ച്ചാണ് സഹോദരൻ ആശുപത്രിയിൽ ടിറ്റോയ്ക്ക് കൂട്ടിരിക്കുന്നത്. ടിറ്റോയെ പുതുജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ വിദഗ്‌ധ ചികിത്സ വേണം. അതിന് സര്‍ക്കാരിന്‍റെയും സുമനസുകളുടെയും സഹായം അപേക്ഷിക്കുകയാണ് ഏ​ക സ​ഹോ​ദ​ര​ൻ ഷിജോ തോ​മ​സും അ​മ്മ ലി​സിയും.
എന്താണ് ലേറ്റന്‍റ് നിപ എൻസഫലൈറ്റിസ് : ഒരിക്കൽ അകത്ത് കയറി കൂടിയ നിപ വൈറസിനെ തുരത്തിയാലും അതിന്‍റെ അംശങ്ങൾ ശരീരത്തിൽ ഉണ്ടാകും എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ശരീരത്തിന് വേണ്ടത്ര പ്രതിരോധ ശേഷിയില്ലെങ്കിൽ അത് വീണ്ടും പ്രവർത്തിച്ച് തുടങ്ങും. ആ രോഗപുനരാഗമനം (Relapsing Encephalitis) മസ്‌തിഷ്‌ക ജ്വരമായി മാറും. ലേറ്റന്‍റ് നിപ എൻസഫലൈറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇത് രോ​ഗബാധിതനെ അബോധാവസ്ഥയിലേക്ക് നയിക്കുകയും അപസ്‌മാരത്തിനും കോമയ്ക്കും കാരണമാവുകയും ചെയ്യും. മലേഷ്യയിലാണ് ഇത് നേരത്തെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user