Saturday, 27 July 2024

വടക്കൻ കേരളത്തിൽ നാശം വിതച്ച് കാലവർഷം: വരും ദിവസങ്ങളിലും മഴ തുടരും, ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

SHARE


കാസർകോട്: വടക്കൻ കേരളത്തിൽ അടുത്ത 4 ദിവസം കൂടി കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന്‌ (ജൂലൈ 27) യെല്ലോ അലർട്ടും നാളെ ഓറഞ്ച് അലർട്ടും 29,30 തീയ്യതികളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂരിലാണ് ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (1097mm). മാഹിയിലും കൂടുതൽ മഴ ലഭിച്ചു. തീരദേശത്തെ ന്യൂനമർദ്ദപാത്തി വടക്കൻ കേരളത്തിൽ നിന്നും വടക്കൻ കർണാടകത്തിലെ തീരദേശത്തേക്ക് ചുരുങ്ങിയെന്നും ഓഗസ്റ്റ് ആദ്യവാരത്തോടെ മഴ കുറയുമെന്നും കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടമാണ് വടക്കന്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. കൃഷിനാശവും ഉണ്ടായി. വൈദ്യുതി ബന്ധം താറുമാറായി. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ പെയ്‌തു. സുള്ള്യ, സുബ്രഹ്മണ്യ, പുത്തൂർ, ബൽത്തങ്ങാടി തുടങ്ങി വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്‌തു. ശക്തമായ കാറ്റും നാശം വിതച്ചു. ബൽത്തങ്ങാടി താലൂക്കിന്‍റെ വിവിധ ഗ്രാമങ്ങളിൽ കാറ്റിലും മഴയിലും നാശനഷ്‌ടങ്ങളുണ്ടായി. മരം കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഇതോടെ വിവിധയിടങ്ങളില്‍ ഗതാഗത തടസമുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധം വിഛേദിച്ചു.
മാണി-മൈസൂരു ദേശീയ പാതയിൽ പുത്തൂർ മുക്രംപാടിയിൽ മരം തകർന്ന് വീണ് അര മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. മഴ ശക്തമായതോടെ പയസ്വിനിപ്പുഴ, നേത്രാവതി, കുമാരധാര എന്നീ നദികളിൽ നീരൊഴുക്ക് ഉയർന്നു. കാസർകോട് ജില്ലയിൽ ബേവിഞ്ച, ചാമ്പലം, ചെങ്കളംകുഴി, ബംബ്രാണ, എർമാളം, തെവളപ്പ് പ്രദേശങ്ങളിലാണ് വലിയ നാശമുണ്ടായത്. മലയോര മേഖലയിലും നാശനഷ്‌ടം ഉണ്ടായി.
ശക്തമായ മഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ ഉദുമയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ നഷ്‌ടമുണ്ടായി. മരം വീണ് വീടും മതിലുകളും വൈദ്യുതി തൂണുകളും തകർന്നു. ഉദുമ, കൊക്കാൽ, അച്ചേരി, നാലാംവാതുക്കൽ, കുണ്ടോളം പാറ, മുക്കുന്നോത്ത് എന്നിവിടങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. ഉദുമ ജിഎൽപി സ്‌കൂളിന്‍റെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ജനൽ ഗ്ലാസുകൾ തകർന്നു. ഉദുമ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മുറ്റത്തെ തേക്ക് മരങ്ങൾ വീണ് മതിൽ തകർന്നു. സ്‌കൂൾ പ്രവൃത്തി സമയമായതിനാൽ വൻ അപകടമാണ് ഒഴിവായി.
നെല്ലിക്കുന്നില്‍ മതിൽ ഇടിഞ്ഞുവീണ് കാർ പൂർണമായി തകർന്നു. നെല്ലിക്കുന്ന് മുഹ്‍യുദ്ദീൻ ജുമാമസ്‌ജിദിന് സമീപം നിർത്തിയിട്ട എൻഎ സമീറിന്‍റെ കാറാണ് തകർന്നത്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user