കണ്ണൂര്‍: മഞ്ഞ് മൂടിയ മലനിരകള്‍, പച്ചപുതച്ച താഴ്‌വരകള്‍, മലനിരകളില്‍ നിന്നും കുതിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങള്‍, ഇങ്ങനെ ദൃശ്യമനോഹരമാണ് കര്‍ണാടകയിലെ കുടക്. മേഘങ്ങള്‍ തഴുകുന്ന പച്ചപുതച്ച ഈ പശ്ചിമഘട്ടം അഴകിന്‍റെ നിറകുടമാണ്. ചെങ്കുത്തായ പച്ചപ്പാര്‍ന്ന മലനിരകളില്‍ നിന്നും വെള്ളി കൊലുസു പോലെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളാണ് ഇവിടെ കാഴ്‌ച വസന്തമൊരുക്കുന്നത്.
വ്യത്യസ്‌ത കാലാവസ്ഥകളില്‍ ഇവയുടെ രൂപവും ഭാവവും മാറും. പെരുമഴക്കാലത്ത് പാല്‍ പോലെ നിറഞ്ഞ് പതയുന്നതാണ് വെള്ളച്ചാട്ടങ്ങള്‍. ഇവ കാണാന്‍ സാഹസിക സഞ്ചാരികള്‍ ഇരുചക്രവാഹനങ്ങളിലും കുന്നുകള്‍ താണ്ടിയും ഇവിടങ്ങളിലെത്തുന്നു. വെള്ളച്ചാട്ടങ്ങളുടെ വൈവിധ്യങ്ങളാണ് സഞ്ചാരികളെ കുടകിലേക്ക് ആകര്‍ഷിക്കുന്നത്. ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ് കര്‍ണാടകത്തിന്‍റെ തെക്കേ അറ്റത്തുള്ള കുടക് ജില്ല.
മഴക്കാലത്ത് മാത്രം കാണുന്ന നിരവധി ചെറു വെള്ളച്ചാട്ടങ്ങളും കുടകിലുണ്ട്. പരന്ന് താഴേക്ക് പതിക്കുന്നവ, തട്ടുതട്ടായുള്ള പാറകളില്‍ ചിന്നിച്ചിതറി വരുന്ന വെള്ളച്ചാട്ടം, പാലുപോലെ കുത്തനെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം. വളഞ്ഞു പുളഞ്ഞ് ശാന്തമായി പതിക്കുന്ന വെള്ളച്ചാട്ടം എന്നിവയാണ് കുടകിലെ വിവിധ ഭാഗങ്ങളിലുളള വെളളച്ചാട്ടങ്ങളുടെ സവിശേഷതയും ആകര്‍ഷണീയതയും. വന നിബിഢതയും കോടമഞ്ഞും കൊണ്ട് മൂടിയ മലനിരകളില്‍ നിന്നാണ് ഈ വെള്ളച്ചാട്ടങ്ങളെല്ലാം ഉത്ഭവിക്കുന്നത്. എന്നാല്‍ സാഹസികരെ ആകര്‍ഷിക്കുന്ന പ്രധാന വെള്ളച്ചാട്ടമാണ് ചെലാവര വെള്ളച്ചാട്ടം.
കുടകിന്‍റെ തലസ്ഥാനമായ മടിക്കേരിയില്‍ നിന്നും 37 കിലോ മീറ്റര്‍ അകലെയുള്ള ചെലാവര വെള്ളച്ചാട്ടം കാണാന്‍ സാഹസിക സഞ്ചാരികള്‍ ദൈനംദിനം എത്തിച്ചേരുകയാണ്. കാവേരി നദിയുടെ കൈവഴിയില്‍ നിന്നും ഉത്ഭവിക്കുന്ന ചെലാവര വെളളച്ചാട്ടം ദൂരെ നിന്ന് നോക്കിയാല്‍ ഒരു ആമയുടെ രൂപമാണെന്ന് പറയപ്പെടുന്നു. നൂറ് മീറ്റര്‍ ഉയരത്തില്‍ നിന്നും പാറകളില്‍ തട്ടി കുത്തനെ പതിക്കുന്ന ഈ വെളളച്ചാട്ടത്തിന് പാലിന്‍റെ വെണ്‍മയാണ്. ഒപ്പം ഭയാനതയുമുണ്ട്. പതന സ്ഥാനത്ത് അപകടകരമായ പാറക്കെട്ടുകളുളളതിനാല്‍ കുളിക്കാനോ ഉല്ലസിക്കാനോ മഴക്കാലത്ത് മുതിരരുത്.
ഓഗസ്റ്റ് മാസത്തോടെയാണ് ഇവിടെ സാധാരണ ഗതിയില്‍ സഞ്ചാരികളെത്തുന്നത്. എന്നാല്‍ ഇത്തവണ മഴക്കാലത്തും വെള്ളച്ചാട്ടം ഹരമായി എത്തുന്നവര്‍ ഏറെയാണ്. പാര്‍ക്കിങ് അനുവദിക്കപ്പെട്ട സ്ഥലത്ത് നിന്നും 200 മീറ്റര്‍ കുത്തനെ വനത്തിലൂടെ നടന്ന് വേണം ചെലാവര വെളളച്ചാട്ടത്തിലെത്താന്‍. ശക്തമായ മഴയുളളപ്പോള്‍ ആ വനവഴിയൂടെ വെള്ളമൊഴുകും. ഇതെല്ലാം മുന്നില്‍ കണ്ട് വേണം ചെലാവരയിലേക്കുള്ള യാത്രക്കൊരുങ്ങാന്‍.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 80 കിലോ മീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിരാജ് പേട്ടയില്‍ നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. വെളളച്ചാട്ടത്തില്‍ നിന്നും 12 കിലോ മീറ്റര്‍ ദൂരത്തിനുളളില്‍ രണ്ട് ആഡംബര ഹോട്ടലുകളും രണ്ട് ഹോംസ്‌റ്റേയും മാത്രമാണ് താമസ സൗകര്യത്തിനുള്ളത്. മറ്റ് സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലാത്തതിനാല്‍ ഇവിടെ പ്രവേശന ഫീസുമില്ല.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക