കോഴിക്കോട് : രണ്ട് ദിവസമായി നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴയിൽ ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും നിറഞ്ഞു കവിഞ്ഞു. കിഴക്കൻ മലയോര പ്രദേശങ്ങളിൽ മഴ ശക്തമായതോടെയാണ് മൂന്നു പുഴകളിലും വെള്ളത്തിൻ്റെ നില ക്രമാതീതമായി ഉയർന്നത്. പുഴകളിൽ വെള്ളം ഇരച്ചെത്തിയതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.
മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലൊക്കെ തദ്ദേശസ്ഥാപനങ്ങളും പൊലീസും ജാഗ്രത നിർദേശം നൽകി. ചാലിയാറിൽ വെള്ളത്തിൻ്റെ തോത് ഉയർന്നതോടെ ഊർക്കടവിൽ റെഗുലേറ്ററിൻ്റെ പതിനാറ് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. മഴ ഇതേ നിലയിൽ തുടരുകയാണെങ്കിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറാൻ സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയതോടെ വ്യാപകമായ കൃഷിനാശവും സംഭവിച്ചു. മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലാണ് ഏറെ കൃഷിനാശം സംഭവിച്ചത്. വാഴ കൃഷിയും നെൽകൃഷിയുമാണ് വെള്ളത്തിലായത്. വെള്ളം വയലുകളിൽ നിറഞ്ഞതോടെ ഓണവിപണി പ്രതീക്ഷിച്ച് കൃഷി ചെയ്‌ത വാഴകളെല്ലാം കുലയോടെ വെള്ളത്തിൽ മുങ്ങി നശിച്ചു. ഒന്നരമാസം കൂടി പാകമായിരുന്നെങ്കിൽ വെട്ടിയെടുക്കാമായിരുന്ന വാഴക്കുലകളാണ് വെള്ളത്തിൽ മുങ്ങി കിടക്കുന്നത്. ഇത് കർഷകർക്ക് വലിയ നഷ്‌ടമാണ് ഉണ്ടാക്കിയത്.
കനത്ത മഴയിൽ മാവൂർ തെങ്ങിലക്കടവിന് സമീപം പുൽപ്പറമ്പിൽ ആയിഷയുടെ കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്ന് പുലർച്ചെ നാലുമണിക്ക് കിണറ്റിൽ നിന്നും വെള്ളം എടുത്ത ശേഷം വീട്ടിനകത്തേക്ക് കയറിയ ഉടനെ വലിയ ശബ്‌ദം കേട്ട് നോക്കുമ്പോഴാണ് കിണർ പൂർണമായി ഇടിഞ്ഞു താഴ്ന്നത് വീട്ടുകാർ അറിയുന്നത്. കിണറിന്‍റെ ആൾമറയും കിണറ്റിൽ വെള്ളമെടുക്കാൻ ഉപയോഗിച്ചിരുന്ന മോട്ടറും കിണറ്റിലേക്ക് പതിച്ചു. കൂടാതെ കിണറിനോട് ചേർന്നുള്ള ആയിഷയുടെ വീടിനും ഭീഷണിയുണ്ട്. മാവൂർ ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫിസിലും വിവരമറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക