മലപ്പുറം: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴ് പേരുടെ സാമ്പിളുകളും നെഗറ്റീവ്. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. വിശദ പരിശോധനയ്ക്കായി സാംപിള്‍ പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കൾക്കും രോഗലക്ഷണമില്ല. കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ നിലവില്‍ 330 പേരാണുളളത്. ഇവരിൽ 101 പേര്‍ ഹൈറിസ്ക്ക് വിഭാഗത്തിലാണ്, 68 പേർ ആരോഗ്യ പ്രവർത്തകരാണ്.
അതേസമയം രോഗം നിയന്ത്രിക്കാൻ അടിയന്തര പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം കേരളത്തോട് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രസംഘത്തെ വിന്യസിക്കും. പരിശോധന, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കൽ, തുടങ്ങിയ കാര്യങ്ങളിലടക്കം ഈ സംഘം സഹായിക്കും.
നിപ സ്ഥിരീകരിക്കുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്‌ത കുട്ടിയുടെ കുടുംബത്തിലും അയൽപക്കങ്ങളിലും, നിപ കണ്ടെത്തിയ സ്ഥലത്തിന് സമാനമായ ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിലും സജീവരോഗികളുണ്ടോ എന്ന കാര്യം ഉടനടി ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ രോഗിയുമായി സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടെത്താനും അവർക്കായി കർശനമായ ക്വാറന്‍റൈനും സംശയിക്കുന്നവരെ ഐസൊലേഷനും നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.
സംസ്ഥാനത്തിന്‍റെ അഭ്യർത്ഥനപ്രകാരം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മോണോക്ലോണൽ ആൻ്റിബോഡി അയച്ചിരുന്നുവെങ്കിലും മരണപ്പെട്ട 14-കാരന് അനാരോഗ്യം മൂലം നല്‍കാനായില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രോഗികളുമായി സമ്പർക്കം പുലർത്തുന്നവരിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി കോഴിക്കോട് എത്തിയതായും അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക