Wednesday, 5 June 2024

ഹോട്ടൽ വെയ്റ്ററിൽ നിന്ന് സിവിൽ സ‍‌‍‍ർവീസ് തിളക്കത്തിലേയ്ക്ക്; വിജയം ഏഴാമത്തെ പരിശ്രമത്തിൽ

SHARE



രാജ്യത്തെ ഏറ്റവും കഠിനമായ മത്സര പരീക്ഷകളിലൊന്നാണ് യൂണിയൻ പബ്ലിക് സ‍ർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ. ഇതിന് വേണ്ടി ലക്ഷക്കണക്കിന് പേരാണ് ഓരോ വ‍ർഷവും തയ്യാറെടുപ്പുകൾ നടത്തുന്നത്. സിവിൽ സർവീസ് വിജയിക്കുന്നതിനായി വളരെയധികം പരിശ്രമവും കഠിനാധ്വാനവും ആവശ്യമാണ്. ചില ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പഠനം തുടരുന്നതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരിക്കില്ല. എന്നാൽ ഉറച്ച ദൃഢനിശ്ചയവും സ്ഥിരോത്സാഹത്തോടെയുള്ള പരിശ്രമവും കൊണ്ട് ഐഎഎസ് എന്ന സ്വപ്നം നേടിയെടുത്ത ചിലർ നമുക്കിടയിലുണ്ട്. അത്തരത്തിൽ ഒരു വ്യക്തിത്വമാണ് തമിഴ്നാട് സ്വദേശിയായ കെ. ജയഗണേഷ്.
2008ലെ യുപിഎസ്‌സി പരീക്ഷയിൽ 156-ാം റാങ്ക് നേടിയാണ് ജയഗണേഷ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നടന്നു കയറിയത്. ആറ് തവണയും പരാജയം ഏറ്റുവാങ്ങിയ അദ്ദേഹം തന്റെ ഏഴാമത്തെ ശ്രമത്തിനൊടുവിൽ ആണ് പരീക്ഷയെഴുതി വിജയം നേടിയത്. എന്നാൽ ഈ പദവി നേടുന്നതിന് മുൻപുള്ള ജയഗണേഷ് എന്ന വ്യക്തിയെക്കുറിച്ച് പലർക്കും അറിയില്ല. മികച്ച രീതിയിൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത ഒരു ചുറ്റുപാടിൽ നിന്ന് വന്ന അദ്ദേഹത്തിന്റെ ഈ വിജയ യാത്ര പലർക്കും ഒരു പ്രചോദനമായി മാറാം.

വെല്ലൂർ ജില്ലയിലെ വിനവമംഗലം എന്ന കൊച്ചു ഗ്രാമത്തിലാണ് ജയഗണേഷ് ജനിച്ചത്. സാമ്പത്തികമായി വളരെ പിന്നാക്കം നിന്നിരുന്ന ഒരു കുടുംബം കൂടിയായിരുന്നു അദ്ദേഹത്തിന്റേത്. അച്ഛൻ ഒരു തുകൽ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. പ്രതിമാസം 4500 രൂപ വരുമാനം ഉണ്ടായിരുന്ന പിതാവ് വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. മൂത്ത മകനായതിനാൽ തന്നെ അധികം വൈകാതെ ജയഗണേഷിന് കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. ദാരിദ്ര്യത്തിൽ നിന്ന് തന്റെ കുടുംബത്തെ കരകയറ്റുക എന്നതായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെ പഠിക്കാൻ വളരെ മിടുക്കനായ അദ്ദേഹം ജോലിയിലും പഠനത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

തന്റെ പഠനം തുടരുന്നതിനായി ചില സ്കോളർഷിപ്പുകളും ജയഗണേഷിന് ലഭിച്ചു. പ്ലസ് ടുവിന് 92 ശതമാനം നേടിയ അദ്ദേഹം മെക്കാനിക്കൽ എഞ്ചിനീയറിംങ്ങിന് പ്രവേശനം നേടി. തുടർന്ന് ബിരുദം പൂർത്തിയാക്കി ഒരു ജോലിക്കും കയറി. അപ്പോഴാണ് തന്റെ കുടുംബത്തെ പോലെ തന്നെ ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങൾ തനിക്ക് ചുറ്റും ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയത്. സ്വന്തം കുടുംബത്തിന് പുറമേ മറ്റുള്ളവർക്കും കൂടി സേവനം അനുഷ്ഠിക്കണം എന്ന ആഗ്രഹത്താൽ ആണ് ജയഗണേഷ് സിവില്‍ സര്‍വീസ് എന്ന വഴി തെരഞ്ഞെടുത്തത്. അങ്ങനെ ജോലി രാജി വെച്ച് സിവില്‍ സര്‍വീസ് പരിശീലനം ആരംഭിച്ചു.

എന്നാൽ തന്റെ പഠനച്ചെലവ് കണ്ടെത്താന്‍ ഹോട്ടലിലെ വെയ്റ്ററായും മറ്റും ജയഗണേഷിന് ജോലി ചെയ്യേണ്ടി വന്നു. ചെന്നൈയിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നെങ്കിലും അവിടുത്തെ ഫീസ് ചെലവുകൾ വഹിക്കാൻ അദ്ദേഹം ബുദ്ധിമുട്ടി. അങ്ങനെ ഒരു സിനിമ തിയേറ്ററിൽ ബില്ലിംഗ് ഓപ്പറേറ്ററായി ജോലി ചെയ്യാൻ തുടങ്ങി. അവിടെ 3000 രൂപയായിരുന്നു മാസശമ്പളം. 2004ൽ ആദ്യ തവണ പരീക്ഷ എഴുതിയെങ്കിലും അതിൽ വിജയം നേടാൻ കഴിയാതായതോടെ സിനിമാ തിയേറ്ററിലെ ജോലിയും ഉപേക്ഷിച്ചു. പരീക്ഷയിൽ വിജയിക്കുന്നതിനായി കൂടുതൽ സമയം പഠനത്തിനായി ചെലവഴിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം കൂടുതൽ പരിശ്രമിച്ചു. എങ്കിലും ജോലി പൂർണമായും ഉപേക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. തനിക്ക് കിട്ടുന്ന സമയങ്ങളിൽ എല്ലാം അദ്ദേഹം ഹോട്ടലിൽ വെയ്റ്ററായും മറ്റും ജോലി ചെയ്തു

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user