Saturday, 8 June 2024

'എന്‍റെ കുട്ടിക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത്': വയനാട്ടില്‍ വിദ്യാര്‍ഥി റാഗിങ്ങിനിരയായ സംഭവത്തില്‍ കുടുംബം നിയമ പോരാട്ടത്തിന്

SHARE

വയനാട് : ബത്തേരി സ്‌കൂളില്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായ സംഭവത്തില്‍ നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ഥിയുടെ അമ്മ സ്‌മിത പറഞ്ഞു. തന്‍റെ കുട്ടിക്ക് സംഭവിച്ചത് വേറൊരു കുട്ടിക്കും സംഭവിക്കാന്‍ പാടില്ലെന്നും ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പുതുതായി സ്‌കൂളിലേക്ക് എത്തിയതു മുതല്‍ കുട്ടിക്കു നേരെ സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു. നിന്നെ ഇവിടെ വച്ചുപൊറുപ്പിക്കില്ല എന്ന് മര്‍ദിക്കുന്നതിന് തലേദിവസം വരെ കുട്ടിയോട് പറഞ്ഞിരുന്നതായും അമ്മ പറഞ്ഞു.

ഇന്നലെ വരെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ അധ്യാപകര്‍ ഇന്ന് കാര്യങ്ങള്‍ മാറ്റി പറയുകയാണ്. സ്‌കൂളിന്‍റെ പേര് പോകും എന്നൊക്കെയാണ് അവര്‍ ഇപ്പോള്‍ പറയുന്നതെന്നും അമ്മ ആരോപിച്ചു. അത് ചിലപ്പോള്‍ അവരുടെ നിലനില്‍പ്പിന് വേണ്ടിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പിടിഎ എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ വയനാട് മൂലങ്കാവ് ഗവൺമെന്‍റ് സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിനിടെ കത്രിക കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. ഒരു ചെവിയിൽ കമ്മൽ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തുളഞ്ഞുകയറിയ കമ്മൽ ആശുപത്രിയിൽ എത്തിയാണ് പുറത്തെടുത്തത്.

വിദ്യാർഥിയെ ആദ്യം നായ്ക്കട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത് അധ്യാപകരാണ്. ബന്ധുക്കളെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം രാത്രിയിൽ വന്ന ഡ്യൂട്ടി ഡോക്‌ടർ മതിയായ ചികിത്സ നൽകാൻ തയാറായില്ലെന്നും പരിക്ക് ഗുരുതരമായിരുന്നിട്ടും ഡിസ്‌ചാർജ് ചെയ്യാൻ നിര്‍ബന്ധിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.

കുട്ടിയെ പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഇന്നലെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് വിവരങ്ങൾ തേടി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി. അമ്പലവയൽ എംജി റോഡിൽ ലക്ഷ്‌മി വിഹാറിലെ ബിനേഷ് കുമാർ-സ്‌മിത ദമ്പതികളുടെ മകനായ ശബരിനാഥൻ ഈ വർഷമാണ് മൂലങ്കാവ് സർക്കാർ സ്‌കൂളിൽ ചേർന്നത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user