കോഴിക്കോട് : ചാത്തമംഗലം എൻഐടി ക്യാമ്പസിന് നടുവിലൂടെ കടന്നു പോകുന്ന സംസ്ഥാനപാതയിൽ അവകാശമുന്നയിച്ച് എൻഐടിയുടെ മാനേജ്മെന്‍റ് ബോർഡ് സ്ഥാപിച്ചത് വിവാദത്തിലായി. ചാത്തമംഗലം മുക്കം റോഡിൽ കട്ടാങ്ങലിനും പന്ത്രണ്ടാം മൈലിലുമാണ് സംസ്ഥാനപാത കടന്നുപോകുന്ന ഭൂമിയിൽ എൻഐടി അവകാശം ഉന്നയിച്ചത്.
പൊതുഗതാഗതം നിരോധിച്ചതായി കാണിച്ചും എൻഐടി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എൻഐടി ബോർഡ് സ്ഥാപിച്ച സംഭവം സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചതോടെ വിവിധ കോണുകളിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആറു ദിവസം മുമ്പാണ് രണ്ട് ഇടങ്ങളിലായി എൻഐടി മാനേജ്മെന്‍റ് ബോർഡ് സ്ഥാപിച്ചത്.
റോഡ് കടന്നുപോകുന്ന ഭൂമി കേന്ദ്രസർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന എൻഐടിയുടേതാണെന്നും ഇവിടേക്ക് അതിക്രമിച്ച് കയറരുതെന്നും ബോർഡിൽ പറയുന്നുണ്ട്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയെ കോഴിക്കോട് നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണ്.
ഇപ്പോൾ സംസ്ഥാന സർക്കാർ നിർമിക്കുന്ന സ്വപ്‌ന പദ്ധതിയായ തുരങ്ക പാത നിർമാണത്തിന്‍റെ ഭാഗമായി ഈ റോഡ് മൂന്നുമാസം മുമ്പ് സംസ്ഥാനപാതയായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുരങ്കപാത യാഥാർഥ്യമായാൽ ഉണ്ടാകുന്ന വാഹനങ്ങളുടെ ബാഹുല്യം പരിഗണിച്ച് നാലുവരി പാതയായി നവീകരിക്കാനാണ് ആലോചന 2013ൽ യുസി രാമൻ എംഎൽഎ ആയിരിക്കെ എൻഐടി ഈ റോഡിന് അവകാശം വാദം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
വ്യാപാരികളുടെയും നാട്ടുകാരുടെയും രാഷ്ട്രീയ നേതൃത്വത്തിന്‍റെയും പ്രതിഷേധത്തെ തുടർന്ന് തുടർനടപടികൾ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും എൻഐടി ബോർഡ് സ്ഥാപിച്ച് ഉടമസ്ഥ അവകാശം തങ്ങൾക്കാണെന്ന് സ്ഥാപിച്ചതോടെ എൻഐടിക്കെതിരെ ജനകീയ പ്രതിഷേധം നടത്തുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധ സമരങ്ങൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യ്യുക