കോഴിക്കോട്: മുക്കം നോർത്ത് കാരശ്ശേരിയിലെ പെട്രോൾ പമ്പിൽ കഴിഞ്ഞദിവസം ഉണ്ടായ തീപിടുത്തത്തിൽ സമയോചിത ഇടപെടലിലൂടെ തീയണച്ച് വൻ ദുരന്തമൊഴിവാക്കിയ വെസ്റ്റ് ബംഗാൾ സ്വദേശിയ്‌ക്ക് ആദരവുമായി മുക്കം ഫയർ സ്റ്റേഷൻ. ഹൗറ സ്വദേശി മുജാഹിദിനെ (19) ആണ് മുക്കം ഫയർ സ്റ്റേഷൻ ഉപഹാരം നൽകി ആദരിച്ചത്. സ്റ്റേഷൻ ഓഫിസർ എം അബ്‌ദുൽ ഗഫൂർ ഉപഹാരം കൈമാറി.
ചടങ്ങിൽ മുക്കം റോട്ടറി ക്ലബ്ബ് പ്രസിഡന്‍റ് അരുണ ടീച്ചർ മുജാഹിദിനെ പൊന്നാടയണിയിച്ചു. പമ്പ് ഉടമ എൻ കെ ലിനീഷ് കുഞ്ഞാലി 5000 രൂപ പാരിതോഷികവും സമ്മാനിച്ചു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് കാരശ്ശേരി പെട്രോൾ പമ്പിലാണ് ചടങ്ങ് നടന്നത്.
അതേസമയം, വെള്ളിയാഴ്‌ച പുലർച്ചെ അഞ്ച് മണിക്കായിരുന്നു പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന വാഹനത്തിൽ നിന്ന് തീ പടർന്നത്. തൊട്ടടുത്തുണ്ടായിരുന്ന വാഹന ഡ്രൈവറും മറ്റൊരു തൊഴിലാളിയും ഭയചകിതരായി നോക്കി നിൽക്കെ മുജാഹിദ് ഫയർ എക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. മുജാഹിദിന്‍റെ ആത്മധൈര്യത്തോടെയുള്ള ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്.
അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ ജി മധു, സീനിയർ ഫയർ ഓഫിസർ പി അബ്‌ദുൽ ഷുക്കൂർ, മുൻ ഫയർ ഓഫിസർ നടുത്തൊടികയിൽ വിജയൻ, റോട്ടറി ക്ലബ് ഭാരവാഹികളായ ഡോ. തിലക്, അനിൽ കുമാർ, കാരശ്ശേരി ബാങ്ക് പ്രസിഡണ്ട് എൻ കെ അബ്‌ദുറഹിമാൻ,
പി എം ബാബു, കെ പി അജീഷ്, സി എഫ് ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യ്യുക