കണ്ണൂർ: 'പുനത്തിൽ രമേശൻ ഈ ആരോഗ്യ കേന്ദ്രത്തിന്‍റെ ഐശ്വര്യം' എന്ന് പാനൂർ കരിയാട്ടേ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ എഴുതിവച്ചാൽ പോലും ആർക്കും കുറ്റം പറയാൻ ആകില്ല. ആരാണ് ഈ പുനത്തിൽ രമേശൻ എന്നല്ലേ....? അതിന് ഉത്തരമുണ്ട്. ദാരിദ്ര്യത്തിന്‍റെ പടു കുഴിയിൽ നിന്ന് ഒഴുക്കിനെതിരെ നീന്തി ഒരു നാടിന്‍റെ തന്‍റെ കണ്ണിലുണ്ണിയായ കഥയാണ് രമേശന്‍റെ ജീവിതം.
കല്ലുകൊത്ത് പണിയുള്‍പ്പെടെ ചെയ്‌ത് അധ്വാനിച്ചുണ്ടാക്കിയ 22 അര സെന്‍റ് ഭൂമിയില്‍ നിന്നും ഒരു നാടിന്‍റെ കരുതലാകാൻ 9 സെന്‍റ് സ്ഥലം വിട്ടുനൽകിയ നല്ല മനസിന് ഉടമയാണയാൾ. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കരിയാട് ഗ്രാമത്തിലെ ഏക ആരോഗ്യ കേന്ദ്രത്തിന് പിന്നിൽ വലിയൊരു കഥയുണ്ട്.
രമേശന്‍റെ ജീവിതവുമായി അത്രമേൽ ചേർന്നു നിൽക്കുന്ന ഒന്നാണ് ഈ ആരോഗ്യ കേന്ദ്രം. കരിയാട് ഗ്രാമത്തില്‍ സർക്കാർ ഒരു ആരോഗ്യ കേന്ദ്രം അനുവദിച്ചു. പക്ഷെ ഭൂമിയില്ല, സ്ഥലം കിട്ടാത്തതിനാൽ ചർച്ചകളിൽ തെന്നി നീങ്ങി ആരോഗ്യ കേന്ദ്രം നഷ്‌ടപ്പെടും എന്നായപ്പോൾ മറിച്ചൊന്നും ചിന്തിക്കാതെ തന്‍റെ പുരയിടം വിട്ടുനൽകുകയായിരുന്നു രമേശൻ.
മന്ത്രി ഉൾപ്പടെ പങ്കെടുത്ത ചർച്ചയിൽ 'സ്ഥലം ഞാന്‍ തരാം' എന്ന രമേശന്‍റെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ എല്ലാവരേയും ഞെട്ടിച്ചു. മാതാപിതാക്കളുടെ ഓർമ നിലനിർത്താൻ എടുത്ത തീരുമാനത്തിൽ പക്ഷേ അദ്ദേഹം ഒരു നിബന്ധന വച്ചു. ആരോഗ്യ കേന്ദ്രത്തിന്‍റെ പേരിനൊപ്പം പുനത്തിൽ രമേശൻ എന്ന് കൂടി ചേർക്കണം. കയ്യിൽ കിട്ടിയ ആരോഗ്യ കേന്ദ്രം നിലനിർത്താൻ വഴി തേടിയിരുന്ന നഗരസഭയ്ക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അങ്ങനെയാണ് അപൂർവ്വമായ പേരുമായി ഈ സ്ഥാപനം ഇന്ന് ആയിരങ്ങൾക്ക് സാന്ത്വനമായി തലയുയർത്തി നിൽക്കുന്നത്.
നഗര സഭയിൽ ബോർഡ് വയ്‌ക്കാനും പണം നൽകി രമേശൻ: ഇപ്പോൾ ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലമാണ് രമേശൻ വിട്ടുകൊടുത്തത്. രമേശന്‍റെ വിപ്ലവകരമായ തീരുമാനം അന്നത്തെ ആരോഗ്യമന്ത്രിയും സ്ഥലം എംഎൽഎയുമായിരുന്ന കെ കെ ശൈലജയേയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ സ്ഥലവും കെട്ടിടവും ആയതോടെ അന്നത്തെ പാനൂർ നഗരസഭാധ്യക്ഷ കെ വി റംലയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടപടിക്രമങ്ങളെല്ലാം വേഗത്തിലാക്കുകയായിരുന്നു. രജിസ്ട്രേഷൻ പൂർത്തിയാവുന്നത് വരെ ഒരു രൂപ മാസവാടകയിൽ നഗരസഭയുമായി കരാറിൽ ഏർപ്പെട്ടു. ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നടന്നു.
പക്ഷേ നേരത്തെ നിർദേശിച്ച പേര് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഭരണസമിതി യോഗം ചേർന്ന് പേരുവെക്കാൻ തീരുമാനിച്ചെങ്കിലും ഫണ്ടില്ലെന്നായി ഈ നഗരസഭയുടെ മറുപടി. അങ്ങനെ ബോർഡ് വയ്ക്കാനുള്ള തുകയും രമേശന് നൽകേണ്ടി വന്നു. പാനൂർ നഗരസഭ പുനത്തിൽ രമേശൻ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം കരിയാട് എന്ന ബോർഡ് സ്ഥാപിച്ചെങ്കിലും നാളിതുവരെ നഗരസഭ തുക കൈമാറിയില്ല.
കേന്ദ്രത്തിൽ ഒഴിവുള്ള തസ്‌തികകൾ നികത്തി നാട്ടുകാർക്ക് എപ്പോഴും ആശ്രയമാകുന്ന മാതൃക ആതുരാലയം ആകണമെന്ന് മാത്രമാണ് തന്‍റെ ആഗ്രഹം എന്ന് രമേശൻ പറയുന്നു. 2020 ഇൽ ആയിരുന്നു ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം. കൊറോണ പ്രതിസന്ധിയും കടന്ന് നാല് വർഷം പിന്നിടുമ്പോൾ ആശുപത്രി ചില പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് രമേശൻ പറയുന്നു.
ഡോക്‌ടർമാരുടെ എണ്ണത്തിലെ കുറവ് വല്ലാതെ അലട്ടുന്നുണ്ട്. ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാർക്കും ശമ്പള പ്രതിസന്ധിയുണ്ട്. കണ്ണൂരിലെ 6 അർബൻ പിഎച്ച്എസികളിൽപെടുന്ന ഒന്നാണ് കൂത്തുപറമ്പ്. അധികാരം ആരായാലും ഞങ്ങളുടെ ഹൃദയമിടിപ്പ് അറിയുന്ന ആരോഗ്യ കേന്ദ്രമായി നില കൊള്ളണം എന്ന് രമേശൻ പറയുന്നു.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക