Sunday, 9 June 2024

പരിഹസിച്ചവരെകൊണ്ട് കയ്യടിപ്പിച്ച് ദമ്പതിമാരുടെ കൈകൊട്ടിക്കളി; ഹിറ്റായി ടീം ’മഞ്ജീരധ്വനി’

SHARE

കാസർകോട് : വനിതകൾ കയ്യടക്കിവെച്ചിരുന്ന കൈകൊട്ടിക്കളി ദമ്പതിമാരുടെ സംഘം അവതരിപ്പിച്ചപ്പോൾ സദസിന്‍റെ നിറഞ്ഞ കയ്യടി. കൈകൊട്ടിക്കളി മലയാളികൾക്ക് ഏറെ പരിചിതമാണെങ്കിലും ദമ്പതിമാരുടെ കൈകൊട്ടിക്കളി വേറിട്ട കാഴ്‌ചയായിരുന്നു.
നാടൻപാട്ടിനൊപ്പം ചുവടുവെച്ചാണ് ചെറുവത്തൂർ തിമിരിയിലെ ഏഴ്‌ ദമ്പതിമാരുടെ കൈകൊട്ടിക്കളി. ഭൂരിഭാഗം പേരും ഓട്ടോ തൊഴിലാളികളാണ്. ജോലി കഴിഞ്ഞെത്തി രാത്രി 8 മണി മുതലാണ് പരിശീലനം. നാട്ടിൽ നടന്ന ഒരു പരിപാടിയിൽ വനിതകളും പുരുഷൻമാരും ചേർന്ന് കൈകൊട്ടിക്കളി ഒരുക്കാമെന്ന ആലോചനയിൽ നിന്നാണ് ഭാര്യാഭർത്താക്കന്മാർ എന്തുകൊണ്ട് കൈകൊട്ടികളി അവതരിപ്പിച്ചുകൂടാ എന്ന ആശയം ഉണ്ടായത്.
നൃത്തത്തെ കുറിച്ച് ഒന്നും അറിയാത്ത പുരുഷന്മാരെ പരിശീലിപ്പിക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ ചുരുങ്ങിയ ദിവസം കൊണ്ട് അവർ പഠിച്ചെടുത്തു. അങ്ങനെ സംഘത്തിന് ഒരു പേരുമിട്ടു, ടീം ’മഞ്ജീരധ്വനി’.
ചില നാട്ടുകാരുടെ പരിഹാസം ആദ്യം ഉണ്ടായിരുന്നെങ്കിലും ഒരാഴ്‌ചത്തെ പരിശീലനത്തിനൊടുവിൽ അരങ്ങേറ്റം കുറിച്ചതോടെ പരിഹസിച്ചവരും കയ്യടിച്ചു. ഇതോടെ ദമ്പതിമാരുടെ കൈകൊട്ടിക്കളി ജനശ്രദ്ധ നേടി.
ചുരുങ്ങിയ നാൾക്കകം ഏഴ് വേദികളിൽ അവതരിപ്പിച്ചു. ജോലിയും വീട്ടുജോലിയും കഴിഞ്ഞശേഷമായിരുന്നു പരിശീലനം. നാടൻപാട്ടിന്‍റെ വരികൾക്ക് ചുവടുവെച്ചും കൈതാളമടിച്ചും പ്രേക്ഷകരുടെ മനം കവരുകയാണിപ്പോൾ ദമ്പതിമാരുടെ ടീം. ഏഴ് ദമ്പതിമാരുടെ ഒത്തൊരുമയും എടുത്തു പറയേണ്ടതാണ്. കൈകൊട്ടി കളി കണ്ട് പല ദമ്പതിമാരും തങ്ങളെ സമീപിക്കുണ്ടെന്നും ഇവർ പറയുന്നു.
ടി രാജേഷ്-ടി.വി.ലിജി, ടി അജയൻ-കെ ശ്രുതി, വി രജീഷ്-പി രമ്യ, കെ ഷിജിത്ത്-പി ശ്യാമ, യു പ്രജീഷ്-കെ ആതിര, എം എ സുജിത്ത്-സി. എസ് ശ്രുതി, കെ ശ്രീജേഷ്-വി സുചിത്ര എന്നിവരാണ് കൈകൊട്ടികളി അവതരിപ്പിക്കുന്നത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user