Thursday, 6 June 2024

വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം : ഇടക്കൊച്ചിയിൽ അയൽവാസിയുടെ മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

SHARE




എറണാകുളം : ഇടക്കൊച്ചിയിൽ വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. പഴേക്കാട്ട് വീട്ടിൽ ജോയിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഓട്ടോ ഡ്രൈവറായ ജോയിയെ ഇടക്കൊച്ചിയിൽവച്ച് ബൈക്ക് യാത്രക്കാരൻ വിമൽ തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ ജോയി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിന് സമീപമുള്ള ചെറിയ റോഡിലൂടെ ഓട്ടോറിക്ഷ ഓടിച്ച് വരികയായിരുന്നു ജോയി. ഇതിനിടെ അയൽവാസിയായ ബൈക്ക് യാത്രികൻ എത്തി ഓട്ടോ തടഞ്ഞിടുകയായിരുന്നു. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ഇയാൾ ജോയിയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനിടെ ബൈക്ക് യാത്രക്കാരനായ വിമൽ ജോയിയെ തള്ളിയിട്ടു.

വീഴ്‌ചയിൽ തല കോൺക്രീറ്റ് സ്ലാബിലിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബോധം നഷ്ടമായ ജോയിയെ വിമൽ സ്വന്തം വീട്ടിൽ എത്തിച്ച് കിടത്തി. അന്വേഷിച്ച് എത്തിയ ബന്ധുക്കളോട് മദ്യപിച്ച് നിലത്തുവീണതാണെന്ന് കള്ളം പറഞ്ഞു. എന്നാൽ കൂടുതൽ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെയാണ് കുടുംബം ആശുപത്രിയിൽ എത്തിച്ചത്.

 ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ച് മണിയോടെ ജോയി മരണപ്പെടുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജോയിയെ തള്ളിയിട്ട ബൈക്ക് യാത്രികനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകക്കുറ്റം ഉൾപ്പടെ ചുമത്തിയ പ്രതി വിമലിനെ കോടതിയിൽ ഹാജരാക്കും.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



 
SHARE

Author: verified_user