കാസർകോട് : കാറഡുക്ക അഗ്രിക്കൾച്ചറിസ്‌റ്റ് വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ബാങ്ക് സെക്രട്ടറി കെ രതീശൻ, സുഹൃത്ത് ജബ്ബാർ എന്നിവരാണ് ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. തമിഴ്‌നാട്ടിലെ നാമക്കല്ലിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.
ഇവിടെയുള്ള ലോഡ്‌ജിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇവർ. പ്രതികളെ വൈകിട്ടോടെ പൊലീസ് കാസർകോട് എത്തിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്ന തട്ടിപ്പ് കേസിൽ അന്വേഷണത്തിന് ഒരു സംഘത്തെക്കൂടി കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.
ബേക്കൽ ഡി വൈ എസ് പി ജയൻ ഡൊമനിക്കിന്‍റെ നേതൃത്വത്തിൽ ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. കേസിൽ മൂന്നുപേർ നേരത്തെ അറസ്‌റ്റിൽ ആയിരുന്നു. കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വൻ തട്ടിപ്പാണ് നടന്നത്. അംഗങ്ങൾ അറിയാതെ സ്വർണപ്പണയവായ്‌പ എടുത്ത് 4.76 കോടിയുമായി സെക്രട്ടറി രതീശൻ മുങ്ങുകയായിരുന്നു.
സിപിഎം ഭരണത്തിൽ ഉള്ളതാണ് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ കേസെടുത്തിരുന്നു. വിവാദമായതോടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രതീശനെ പാർട്ടി സസ്‌പെൻഡ് ചെയ്‌തിരുന്നു.
യ്യുക