Monday, 6 May 2024

കടലിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ട് കൊച്ചിയിലെത്തിച്ചു

SHARE

കൊച്ചി: െകായിലാണ്ടിക്കു സമീപം കടലിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ടും അതിലുണ്ടായിരുന്ന 6 തമിഴ്നാട് സ്വദേശികളേയും കൊച്ചിയിലെത്തിച്ചു. കോസ്റ്റ്ഗാർഡ് ആസ്ഥാനത്താണ് ഇവരെ എത്തിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ഇന്ന് വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ ദൂരത്ത് വച്ച് ബോട്ടും അതിലുള്ളവരെയും കോസ്റ്റ്ഗാർഡിന്റെ ഐസിജെഎസ് അഭിനവ് കസ്റ്റഡിയിലെടുത്തത്. 
തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശികളായ ആറു പേരും കഴിഞ്ഞ വർഷം മാ‍‍‍ർച്ച് 26 മുതലാണ് ഇറാനിൽ മത്സ്യത്തൊഴിലാളികളായി ജോലി ആരംഭിച്ചത്. സയ്യദ് സൗദ് ജാബരി എന്നയാളായിരുന്നു ഇവരുടെ സ്പോൺസർ. എന്നാൽ വാഗ്ദാനം ചെയ്ത ശമ്പളമോ പിടിക്കുന്ന മത്സ്യത്തിന്റെ വിഹിതമോ ഇവർക്ക് ലഭിച്ചില്ല. അമിതമായി ജോലി ചെയ്യിക്കലും മതിയായ താമസ സൗകര്യം ഒരുക്കാത്ത അവസ്ഥയ്ക്കും ഒപ്പം മർദനവും ഏൽക്കേണ്ടി വന്നിരുന്നു. തുടർന്നാണ് മത്സ്യബന്ധനത്തിന് പോകുന്നതു വഴി ഇവർ രക്ഷപെടാൻ തീരുമാനിക്കുന്നത്.
ഇന്ത്യൻ കടലിൽ വച്ചാണ് ഇന്ധനം തീർന്നത്. തുടർന്ന് ഇവർ വിവരം തമിഴ്നാട് മത്സ്യത്തൊഴിലാളി അസോസിയേഷനെ അറിയിച്ചു. അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന സർക്കാരിനെയും തുടർന്ന് കോസ്റ്റ്ഗാർഡിനും വിവരം നൽകുകയായിരുന്നു. നയതന്ത്ര വിഷയങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ആറു പേരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. ബോട്ട് മോഷ്ടിച്ചു കൊണ്ടു പോന്നതിനാൽ ഇറാനിയൻ പൗരൻ ഇവർക്കെതിരെ മോഷണക്കുറ്റമടക്കം ആരോപിക്കാൻ സാധ്യതയുണ്ട്. അതേ സമയം, ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തി അടിമപ്പണി ചെയ്യിക്കുന്നത് ഏറി വരുന്നുണ്ടെന്നും ഇതിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user