തിരുവനന്തപുരം:കൊലപാതക പരമ്പരകളും ബോംബ് നിർമാണവുമൊക്കെയായി നഗരത്തിൽ പൊലീസിന്റെ തലയ്ക്കു മീതേ വളർന്ന് ഗുണ്ടകൾ. ഗുണ്ടകൾ അഴിഞ്ഞാടുമ്പോഴും അമർച്ച ചെയ്യാൻ ഒരു നടപടിയുമില്ല. കരമനയിൽ യുവാവിനെ കല്ലും കമ്പുമുപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. മണ്ണന്തലയിൽ ഗുണ്ടകൾ ബോംബ് നിർമിച്ചു പരീക്ഷിക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറി, മാനവീയം വീഥിയിലെ കത്തിക്കുത്ത്, കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് സ്വകാര്യബാറിലുണ്ടായ ഗുണ്ടാ ആക്രമണം തുടങ്ങി രണ്ടു മാസത്തിനിടെ നഗരത്തെ വിറപ്പിച്ച ആക്രമണങ്ങൾ ഒട്ടേറെ.
കഴക്കൂട്ടത്തു ബാറിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലടക്കം ഒട്ടേറെ ഗുണ്ടകൾ ഇപ്പോഴും ഒളിവിലാണ്. ചാക്കയിൽ വർക്‌ഷോപ് ആക്രമിച്ചു വാഹനങ്ങൾ തല്ലിത്തകർത്ത കേസിൽ പ്രതികളായ ഗുണ്ടകളെയും പൊലീസിന് പിടികൂടാനായിട്ടില്ല. മണ്ണന്തലയിൽ ഗുണ്ടാ സംഘങ്ങളുടെ പതിവ് താവളമായ വിജനമായ സ്ഥലത്തായിരുന്നു കഴിഞ്ഞമാസം സ്ഫോടനം ഉണ്ടായത്. പൊലീസിനെ ആക്രമിക്കാനായി ബോബ് നിർമിച്ച ശേഷം ഇത് എറിഞ്ഞു പരീക്ഷിക്കുമ്പോഴായിരുന്നു പൊട്ടിത്തെറി.
ഗുണ്ട – പൊലീസ് ഭായി ഭായി ഗുണ്ടാ–ലഹരി മാഫിയ സംഘങ്ങൾ പൊലീസുമായി ചങ്ങാത്തത്തിലായതും നഗരത്തിൽ ഗുണ്ടാവേട്ട നിലയ്ക്കാൻ കാരണമാവുന്നു. നഗരത്തിൽ ഗുണ്ടകളെ അമർച്ച ചെയ്യാൻ സിറ്റി പൊലീസ് പ്രഖ്യാപിച്ച പദ്ധതികളും ഫയലിൽ ഒതുങ്ങി. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ അനങ്ങുന്നില്ല. ഗുണ്ടാപ്പകയിൽ ആരുടെയെങ്കിലും ജീവൻ പൊലിയുമ്പോൾ മാത്രമാണ് പൊലീസ് ഉണരുന്നത്. സജീവമല്ലാത്ത ഗുണ്ടകളെ പെറ്റി കേസുകളിൽ അറസ്റ്റ് ചെയ്യുന്നതൊഴിച്ചാൽ പൊലീസ് ഒന്നും ചെയ്യുന്നില്ല. മെഡിക്കൽ കോളജിനു സമീപം ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷും സംഘവും ആയുധങ്ങളുമായി എത്തി 5പേരെ ആക്രമിച്ച കേസിലടക്കം പ്രതികളെ പൊലീസ് സംരക്ഷിച്ചെന്നാണ് ആക്ഷേപം. പൊലീസ് പിടികൂടാതെ വന്നതോടെ വാദിയും പ്രതികളും കോടതിവഴി കേസ് ഒത്തുതീർപ്പാക്കി. പൊലീസിലെ ഉന്നതരുടെ ഒത്താശയോടെ ആയിരുന്നു ഇതെന്നാണ് ആക്ഷേപം. ബാറുകളിലെ തർക്കത്തിൽ നിന്ന് ആക്രമണങ്ങളിലേക്ക് ബാറുകളിലുണ്ടായ തർക്കത്തിന്റെ പേരിൽ നഗരത്തിൽ 5 വർഷത്തിനിടെ നടന്നത് എഴുപതോളം ഗുണ്ടാ ആക്രമണങ്ങൾ. മൂന്നു പേർ കൊല്ലപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥരടക്കം നാൽപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പാപ്പനംകോട് ബാറിൽ ഉണ്ടായ അടിപിടിയെ തുടർന്നു കഴിഞ്ഞ ദിവസം കരമനയിൽ യുവാവിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ മാസം കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിൽ കഴക്കൂട്ടത്തെ ബാറിൽ മൂന്നു പേരെ കുത്തിവീഴ്ത്തുകയും ചെയ്തു. നവംബറിൽ പൂജപ്പുരയിലെ ബാറിനു മുൻപിൽ പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥനെ ആറംഗ സംഘം മർദിച്ചു കൊലപ്പെടുത്തിയതാണ് മറ്റൊരു സംഭവം. ആലപ്പുഴ കായംകുളം ഭരണിക്കാവ് പള്ളിക്കൽ സ്വദേശി പി.പ്രദീപ് (50) ആണ് കൊല്ലപ്പെട്ടത്.
പ്രദീപും അനുജൻ പ്രമോദും ബാറിൽ ഇരുന്നു മദ്യപിക്കുമ്പോൾ ഇവിടെ മദ്യപിക്കാൻ എത്തിയ ആറംഗ സംഘം ഇവരെ പരിചയപ്പെട്ടു. പിന്നീട് പാർക്കിങ് ഏരിയയിൽ ഉണ്ടായ തർക്കത്തെ തുടർന്നു പ്രദീപും പ്രമോദും താമസ്ഥല ത്തേക്ക് പോകുമ്പോൾ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. 2019 നവംബറിൽ ആനയറയിൽ വച്ച് കൊലക്കേസ് പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവർ വിപിൻ എന്ന കൊച്ചുകുട്ടനെ രാത്രി ഓട്ടം വിളിച്ചു കൊണ്ടുപോയി വെട്ടിക്കൊന്ന സംഭവമാണ് മറ്റൊന്ന്. ഈഞ്ചയ്ക്കലിലെ സ്വകാര്യ ബാറിൽ വെച്ച് കരിക്കകം സ്വദേശിയായ ഗുണ്ടയുടെ സംഘവും സംഘവും വിപിനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ വിപിൻ ജാമ്യത്തിലിറങ്ങി യപ്പോഴാണ് കൊല്ലപ്പെട്ടത്. 2014ൽ കാരാളി അനൂപിനെ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട വിപിൻ.
മുന്നറിയിപ്പ് അവഗണിച്ചു; പൊലീസിന്റേത് ഗുരുതര വീഴ്ച തിരുവനന്തപുരം∙ കരമന സ്വദേശി അഖിലിനെ ഗുണ്ടാ സംഘം ക്രൂരമായി തല്ലിക്കൊന്ന കേസിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച. ഏപ്രിൽ 26ന് പാപ്പനംകോട് ബാറിലുണ്ടായ അടിപിടിയുടെ തുടർച്ചയായി വീണ്ടും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയെങ്കിലും ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ ഇത് ഗൗരവമായി എടുത്തില്ല. അനന്തു കൊലക്കേസിലെ പ്രതികളായ കൊടും ക്രിമിനലുകൾ ഏതു നിമിഷവും പ്രത്യാക്രമണം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തത്. വോട്ടെടുപ്പ് ദിവസം ബാറിൽ വച്ച് രാത്രി 10ന് അഖിലും സുഹൃത്തുക്കളുമായി പ്രതികൾ ഏറ്റുമുട്ടിയിരുന്നു.
ബാറിലേക്കു കയറുമ്പോൾ വാതിൽക്കൽനിന്നു മാറിക്കൊടുക്കാത്തതു സംബന്ധിച്ച തർക്കമായിരുന്നു കാരണം. അന്ന് പ്രതികളുടെ കൂട്ടത്തിലുള്ള കിരണിനും അഖിലിനും കല്ലുകൊണ്ടു മർദനമേറ്റിരുന്നു. ഇരുവർക്കും തലയ്ക്കു പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇരുകൂട്ടരും പരാതി നൽകിയില്ല. ബാറിനു പുറത്തെ ഗ്രൗണ്ടിൽവച്ചാണ് അടിപിടി ഉണ്ടായതെന്നായിരുന്നു ബാർ അധികൃതർ പൊലീസിനെ അറിയിച്ചത്. ഒടുവിൽ സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് അനന്തു കൊലക്കേസിലെ പ്രതികളും മറ്റൊരു സംഘവും തമ്മിൽ ഏറ്റുമുട്ടിയതായി അറിയുന്നത്. അനന്തു കൊലക്കേസ് പ്രതികൾ കൊടും ക്രിമിനലുകളാണെന്നും അടി കിട്ടിയതിനാൽ പ്രതികൾ വെറുതെയിരിക്കില്ലെന്നും റിപ്പോർട്ട് നൽകി ദിവസങ്ങൾക്കകമാണ് കൊലപാതകം ഉണ്ടായത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക