Friday, 31 May 2024

രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ മാല കവർന്നു; രണ്ട് യുവാക്കൾ അറസ്റ്റിൽ

SHARE

പത്തനംതിട്ട: ഒറ്റയ്ക്ക്‌ താമസിക്കുന്ന വയോധികയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കടന്ന് മാല പിടിച്ചു കവർന്ന കേസിലെ പ്രതികളെ കൂടൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കലഞ്ഞൂർ പുത്തൻവീട്ടിൽ അനൂപ് (22), കുന്നിട ചെളിക്കുഴി നെല്ലിവിളയിൽ വീട്ടിൽ ഗോകുൽ കുമാർ (28) എന്നിവരെയാണ് പ്രത്യേക സംഘം പിടികൂടിയത്. ഒറ്റയ്ക്ക് താമസിക്കുന്ന കഞ്ചോട് സ്വദേശിനി 78 വയസുള്ള തങ്കമ്മ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെ ഉറങ്ങിക്കിടന്നപ്പോഴാണ് വീടിന്‍റെ വാതിൽ ചവിട്ടിത്തുറന്ന് ഭീഷണിപ്പെടുത്തി മോഷ്‌ടാക്കൾ മാല പറിച്ചെടുത്തത്.
ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ് പ്രതികൾ കവർന്നത്. ഭയന്നുപോയ തങ്കമ്മ പിറ്റേന്ന് ബന്ധുക്കളുടെ വീട്ടിലെത്തി വിവരം ധരിപ്പിച്ചു. ബന്ധുക്കൾ കൂടൽ പൊലീസ് സ്‌റ്റേഷനിൽ അറിയിക്കുകയും, തങ്കമ്മയുടെ മൊഴിപ്രകാരം പൊലീസ് കേസ് എടുക്കുകയുമായിരുന്നു. തുടർന്ന്, എസ് ഐ കെ ആർ ഷെമിമോളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി വി അജിത്തിന്‍റെ നിർദേശപ്രകാരം കോന്നി ഡിവൈഎസ്‌പി നിയാസിന്‍റെ മേൽനോട്ടത്തിലും കൂടൽ പൊലീസ് ഇൻസ്‌പെക്‌ടർ എം ജെ അരുണിന്‍റെ നേതൃത്വത്തിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികൾക്കായി ഊർജ്ജിതമായ തെരച്ചിൽ നടത്തി. തുടർന്നാണ് ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ ജില്ലാ പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പെരുമ്പാവൂരിൽ നിന്നും കസ്‌റ്റഡിയിലെടുത്തത്.
അനൂപ് മുൻപും മോഷണകേസുകളിൽ പ്രതിയായിട്ടുണ്ട്. ഇയാൾക്കെതിരെ കാപ്പ പ്രകാരമുള്ള നിയമനടപടികൾ തുടർന്നുവരുന്നതിനിടെയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ വിറ്റ കടയിൽ നിന്ന് തന്നെ പൊലീസ് മാല കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user