മാതൃദിനം പല രീതിയിലാണ് ആഘോഷിക്കുന്നത്. പല രാജ്യങ്ങളിലും ആളുകൾ അവരുടെ അമ്മമാർക്ക് ഒരു ദിവസം മാറ്റിവയ്ക്കുകയാണ്.
മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. ഭൂമിയിലേക്ക് വന്നനാള്‍ മുതല്‍ കാണുന്ന അമ്മയെ ഓര്‍ക്കാനായി ഒരു പ്രത്യേക ദിവസം വേണോ എന്ന ചോദ്യം പലരില്‍ നിന്നും ഉയര്‍ന്നേക്കാം. എന്നാല്‍ സ്വന്തം അമ്മയെ അതിക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയും വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നവരുള്ള ഈ കാലത്ത് മാതൃദിനത്തിന് പ്രസക്തി വർധിച്ചുവരികയാണ്. മാതൃദിനത്തിന്റെ ചരിത്രത്തെയും സവിശേഷതകളെയും കുറിച്ച് വിശദമായി നോക്കാം.
ഉത്ഭവം
1908ൽ അമേരിക്കക്കാരിയായ അന്ന ജാർവിസ് ആണ് ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിച്ചത്. ആഭ്യന്തരയുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് പരിചരണം നൽകുന്നതിനായി മദേഴ്‌സ് ഡേ വർക്ക് ക്ലബ്ബുകൾ സ്ഥാപിച്ച സമാധാന പ്രവർത്തകയായിരുന്ന അമ്മ ആൻ റീവ്സ് ജാർവിസിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് അന്ന ഈ പരിപാടി സംഘടിപ്പിച്ചത്. തന്റെ കുടുംബത്തിനും രാജ്യത്തിനും വേണ്ടിയുള്ള അമ്മയുടെ സമർപ്പണത്തിനും ത്യാഗത്തിനും ആദരാഞ്ജലി അർപ്പിക്കുക എന്നതായിരുന്നു അന്ന ജാർവിസിന്റെ ലക്ഷ്യം. അന്ന ജാർവിസിന്റെ ശ്രമങ്ങൾ 1914ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാതൃദിനം ഔദ്യോഗികമായി അംഗീകരിക്കുന്നതിലേക്ക് നയിച്ചു. അതിനുശേഷം, മാതൃദിനം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഒരു ജനപ്രിയ ദിനമായി മാറി.