Tuesday, 7 May 2024

ആർബിഐ തീരുമാനത്തിൽ തട്ടി; നഷ്ടത്തിൽ ക്ളോസ് ചെയ്ത് വിപണി

SHARE

ഇന്നും രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി പൊതു മേഖല ബാങ്കിങ്, ഫിനാൻഷ്യൽ, പവർ, മെറ്റൽ അടക്കമുള്ള സെക്ടറുകളിലെ ലാഭമെടുക്കലിൽ വീണ് ഇന്നും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 22561 പോയിന്റിൽ വ്യാപാരമാരംഭിച്ച നിഫ്റ്റി പിന്നീട് 22400 പോയിന്റിനടുത്ത് വരെ വീണ ശേഷം വീണ്ടും കയറി 22442 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
പൊതു മേഖല ബാങ്കിങ് സെക്ടർ 3.7%വും, എനർജി സെക്ടർ 1.7%വും, മെറ്റൽ, ഇൻഫ്രാ സെക്ടറുകൾ 0.9% വീതവും ഇന്ന് വീണു. നാസ്ഡാകിന്റെ മുന്നേറ്റത്തിന്റെ പിന്തുണയിൽ ടിസിഎസ്, ഇൻഫോസിസ് എന്നിവയുടെ നേതൃത്വത്തിൽ ഐടി സെക്ടർ ഒരു ശതമാനം കയറിയതും, കോട്ടക്ക് മഹിന്ദ്ര ബാങ്കിന്റെ 5% മുന്നേറ്റവുമാണ് ഇന്ത്യൻ വിപണിയെ കൂടുതൽ വീഴ്ചയിൽ നിന്നും രക്ഷിച്ചത്. നിഫ്റ്റി സ്‌മോൾ ക്യാപ്  സൂചികയും,നിഫ്റ്റി നെക്സ്റ്റ് സൂചികയും ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറി.
ആർബിഐയുടെ വായ്പാനുപാതകരുതൽ നിർദ്ദേശങ്ങൾ പവർ ഫൈനാൻസിങ്, പൊതു മേഖല ബാങ്കുകൾക്ക് എന്നിവക്ക് നൽകിയ തിരുത്തലാണ് ഇന്ന് ഇന്ത്യൻ വിപണിയിലെ വിൽപന സമ്മർദ്ദത്തിന് തുടക്കമിട്ടത്. നിലവിൽ വായ്പ നൽകിയ പ്രൊജെക്ടുകൾക്കും, ഇനി കൊടുക്കുന്ന വായ്പകൾക്കുമുള്ള വായ്പ ചെലവ് വർദ്ധിക്കുമെന്നതാണ് ഇന്ന് ഏറ്റവും കൂടുതൽ പ്രോജക്ട് ലോണുകൾ നൽകുന്ന പൊതുമേഖലാ ബാങ്കുകളും, പൊതുമേഖല പവർ ഫൈനാൻസിങ് ഓഹരികളിലും വില്പന വരാൻ കാരണമായത്.
കുതിപ്പ് പ്രതീക്ഷിച്ച് അമേരിക്കൻ വിപണി
വെള്ളിയാഴ്ച ആപ്പിളിന്റെ മികച്ച റിസൾട്ടിന്റെയും, നോൺഫാം പേറോൾ കണക്കുകളുടെയും പിന്തുണയിൽ മികച്ച മുന്നേറ്റംമ് നടത്തിയ അമേരിക്കൻ വിപണി ഇന്നും മുന്നേറ്റ പ്രതീക്ഷയിലാണ്. ഇന്ന് ഏഷ്യൻ വിപണി സമയത്ത് അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും താഴ്ന്നതും, അമേരിക്കൻ ഫ്യൂച്ചറുകൾ മുന്നേറ്റം തുടരുന്നതും വിപണിക്ക് പ്രതീക്ഷയാണ്. ഇന്നത്തെ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും, ഏണിങ് റിപ്പോർട്ടുകളും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.
ജാപ്പനീസ്, കൊറിയൻ വിപണികൾ അവധിയായ ഇന്ന് ചൈനീസ് വിപണി മികച്ച കുതിപ്പോടെ എഴ് മാസത്തെ ഉയർന്ന നിരക്കിലേക്ക് മുന്നേറി. ഭവനങ്ങൾ സ്വന്തമാക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ചൈന ഇളവ് വരുത്തുന്നു എന്ന വാർത്തയാണ് ചൈനീസ് വിപണിക്ക് അനുകൂലമായത്. യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഇന്ന് ഏഷ്യൻ വിപണി സമയത്ത് ചൈനീസ് പിന്തുണയിൽ മുന്നേറ്റം നേടിയ ബ്രെന്റ് ക്രൂഡ് ഓയിൽ 84 ഡോളറിന് സമീപമാണ് വ്യാപാരം തുടരുന്നത്. ഡോളറിലെ ചലനങ്ങളും, അമേരിക്കൻ ക്രൂഡ് ഓയിൽ, ശേഖരത്തിലെ വ്യതിയാനങ്ങളും തുടർന്ന് ക്രൂഡ് ഓയിലിന്റെ ഗതി നിർണയിക്കും.
അമേരിക്കൻ ബോണ്ട് യീൽഡ് വീഴുന്നത് ഇന്ന് ഏഷ്യൻ വിപണി സമയത്ത് സ്വർണത്തിനും മുന്നേറ്റം നൽകി. ഇന്ന് 2330 ഡോളറിലേക്ക് കയറിയ സ്വർണവിലയെ ഇന്നത്തെ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും തുടർന്ന് ബോണ്ട് യീൽഡിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും സ്വാധീനിക്കും.
ഡിജിറ്റൽ ലൈഫ് സയൻസ് കമ്പനിയായ ഇൻഡിജീനിന്റെ ഇന്നാരംഭിച്ച ഐപിഒ മെയ് എട്ടിന് അവസാനിക്കുന്നു. ഓഹരിയുടെ ഐപിഓ വില 430-452 രൂപ നിരക്കിലാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user