Tuesday, 14 May 2024

ഇടിമിന്നലിനുസാധ്യതയുണ്ട്; ജാഗ്രതവേണം - ജില്ലാ കലക്ടര്‍

SHARE


മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മെയ് 17 വരെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുള്ള പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുന്നറിയിപ്പ് നല്‍കി.

കാര്‍മേഘം കണ്ട്തുടങ്ങുമ്പോള്‍ തന്നെ മുന്‍കരുതലെന്ന നിലയ്ക്ക് കെട്ടിടത്തനുള്ളിലേക്ക് മാറുന്നതാണ് നല്ലത്. തുറസായ സ്ഥലങ്ങളില്‍ തുടരരുത്. ഇടിമിന്നല്‍ തുടങ്ങിയാല്‍ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് പോകരുത്. പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കുകയാണ് ഉചിതം.  

ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കുകയും സാമീപ്യം ഒഴിവാക്കുകയും വേണം. ടെലഫോണും ഉപയോഗിക്കരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. തുറസായസ്ഥലത്തും ടെറസിലും, കുട്ടികളെ വിടരുത്. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്, വാഹനങ്ങളുമിടരുത്.  

ഇടിമിന്നലുള്ളപ്പോള്‍ കുളിക്കരുത്. ജലാശയത്തിലേക്കും പോകരുത്. മത്സ്യബന്ധനം, ബോട്ടിങ് എന്നിവയും പാടില്ല. ചൂണ്ടയിടുന്നതും വലയെറിയുന്നതും അപകടമാണ്. പട്ടം പറത്തുകയുമരുത്. വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. സുരക്ഷയ്ക്കായി കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കണം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സര്‍ജ് പ്രൊട്ടക്ടര്‍ പ്രയോജനപ്പെടും.


മിന്നലേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. ആദ്യ മുപ്പത് സെക്കന്‍ഡ് നിര്‍ണായകമാണ്. ഉടന്‍ വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കണം എന്ന് അറിയിച്ചു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user