ആലുവ: കൂടുതൽ തുക ഗൂഗിൾ പേ വഴി അയച്ച് എന്ന് തെറ്റിദ്ധരിപ്പിച്ച് 37,000 രൂപ തട്ടിയെടുക്കാൻ നടത്തിയ ശ്രമം വ്യാപാരി വിഫലമാക്കി. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന വിക്ടറീസ് ഏജൻസീസ് എന്ന സ്റ്റേഷനറി കടയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. ഉടമ ടോമി മാഞ്ഞൂരാൻ പറയുന്നത് ഇങ്ങനെ: വൈകുന്നേരം നാലോടെ ഇന്ത്യൻ നേവി ഓഫീസർ എന്ന് സ്വയം പരിചയപ്പെടുത്തി ഫോൺ കോൾ വന്നു. കുറച്ച് സാധനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു. ആറു മണി ആകുമ്പോൾ സ്റ്റാഫ് വന്ന് സാധനങ്ങൾ വാങ്ങുമെന്നും പറഞ്ഞു. കടയിൽ വന്നിരുന്ന സന്ദർശകയുടെ സഹായത്താലാണ് ഹിന്ദിയിൽ ആശയ വിനിമയം നടത്തിയത്. അതനുസരിച്ച് 20 നോട്ടുബുക്കുകൾ, 40 പേനകൾ, ചോക്കുകൾ തുടങ്ങിയവ പൊതിഞ്ഞുവച്ചു. തുക 4,190 എന്നറിയിച്ചതോടെ ഗൂഗിൾ പേ ചെയ്യാമെന്നും പരീക്ഷണാർത്ഥം ആദ്യം ഒരു രൂപ അടയ്ക്കാമെന്നും പറഞ്ഞു. ഒരു രൂപ ക്രെഡിറ്റ് ആയി. അതിന്റെ എസ്എംഎസ് മെസേജും അയച്ചു തന്നു. പക്ഷെ കുറച്ചു കഴിഞ്ഞ് 4,190 ന് പകരം 41,900 അയച്ചെന്നും ബാക്കി 37,710 രൂപ തിരിച്ചു ഗൂഗിൾ പേ ചെയ്യണമെന്നുമർഭ്യർഥിച്ചു. തുക ക്രെഡിറ്റ് ആയി എന്ന് വിശ്വസിപ്പിക്കാൻ എസ്എംഎസും അയച്ചു. പക്ഷെ ടോമിയുടെ ബാങ്ക് അക്കൗണ്ട് ആപ്പിൽ പരിശോധിച്ചപ്പോൾ തുക വന്നതായി സൂചനയില്ല. ബാങ്ക് ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോൾ ഇത്തരം തട്ടിപ്പുകൾ നടക്കുന്നതായി സൂചന നൽകി. തുടർന്നാണ് എസ്എം എസുകൾ പരിശോധിച്ചത്. ആദ്യം ലഭിച്ച ഒരു രൂപ എസ്എംഎസ് എഡിറ്റ് ചെയ്താണ് രണ്ടാമത്തെ എസ്എംഎസ് ചെയ്തതായി മനസിലായത്. മാത്രമല്ല, ബാങ്ക് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയിട്ടുമില്ല. തട്ടിപ്പ് തിരിച്ചറിഞ്ഞ് സംസാരിച്ചപ്പോഴേക്കും ഇന്ത്യൻ നേവിയെന്ന് അവകാശപ്പെട്ടയാളുടെ ഫോൺ ഓഫായി. തട്ടിപ്പ് ശ്രമത്തെക്കുറിച്ച് ആലുവ പോലീസിന് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് ടോമി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക