Thursday, 23 May 2024

കനത്ത മഴയിൽ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിൽ; ന്യൂനമർദം തീവ്രമാകും, ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

SHARE

തിരുവനന്തപുരം∙ ഇന്നു തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ 9 ജില്ലകളിലാണ് യെലോ അലർട്ട്.
മറ്റന്നാൾ ഇവയിൽ പാലക്കാട്, തൃശൂർ ഒഴികെയുള്ള 7 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. 3 ദിവസം കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽപോകരുതെന്ന് നിർദേശം നൽകി.
സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി.
തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കാനകളും വലിയ തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണു നഗരത്തെ മുക്കിയത്. കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. നഗര ഹൃദയമായ സ്വരാജ് റൗണ്ട് വെള്ളത്തിലാണ്. അരൂർ–തുറവൂർ ഉയരപ്പാത നിർമാണമേഖലയിൽ വെള്ളക്കെട്ടുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഒപിയിലാണ് വെള്ളം കയറിയത്. കോഴിക്കോട് തൂണേരിയിൽ മതിൽ തകർന്ന് റോഡിലേക്ക് വീണു. കണ്ണൂരിൽ കീഴല്ലൂർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. പിണറായി പാറപ്രം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളും തുറക്കും.
കുറഞ്ഞ സമയത്തിനിടെ പെയ്യുന്ന അതിതീവ്ര മഴ, ദേശീയപാത ഉൾപ്പെടെ വികസനപദ്ധതികളുടെ നിർമാണം പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ഗതാഗതവും ജനജീവിതവും ദുസ്സഹമാക്കി. അതിതീവ്ര മഴ സാധ്യത പരിഗണിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രം ഇന്നലെ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് വൈകിട്ടോടെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്കും കാലാവസ്ഥ വകുപ്പ് വ്യാപിപ്പിച്ചിരുന്നു. വടക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴി തെക്കൻ തീരത്തേക്കു മാറിയതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും ശക്തിയായ കാറ്റുമാണ് മഴയിലെ മാറ്റത്തിനു കാരണം. ന്യൂനമർദം 2 ദിവസത്തിനകം തീവ്രമാകും.
തകർത്ത് പെയ്ത് വേനൽമഴ രണ്ടു മാസത്തെ വരൾച്ചയ്ക്കുശേഷം സംസ്ഥാനത്ത് ലഭിച്ചത് ശക്തമായ വേനൽമഴ. മാർച്ച്‌ 1 മുതൽ മേയ്‌ 22 വരെയുള്ള കണക്ക് പ്രകാരം 273 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 272.9 എംഎം മഴ. ഏപ്രിൽ അവസാനിക്കുമ്പോൾ 62% മഴക്കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
തിരുവനന്തപുരം, പാലക്കാട്‌, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. ഇടുക്കി ജില്ലയിൽ 34% കുറവുണ്ടായി. പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ വേനൽ മഴ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു. ഏപ്രിൽ വരെ 62% കുറവ് മഴ ആയിരുന്നു എങ്കിൽ മെയ്‌ മാസത്തിൽ ലഭിച്ചത് 220.3 എംഎം മഴ. സംസ്ഥാനത്തു 66% അധിക മഴ ലഭിച്ചു. ഏറ്റവും കൂടുതൽ തിരുവനന്തപുരം (325 എംഎം) പത്തനംതിട്ട (294 എംഎം) ജില്ലകളിൽ ലഭിച്ചപ്പോൾ കുറവ് കാസർകോട് (136എംഎം) വയനാട് (163 എംഎം) ജില്ലകളിലായിരുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user