Tuesday, 28 May 2024

അങ്കമാലി അർബൻ സഹകരണ സംഘം: വ്യാജ വായ്പകളിൽ 38 കോടിയുടെ വെട്ടിപ്പ്

SHARE

അങ്കമാലി:
അങ്കമാലി അർബൻ സഹകരണ സംഘത്തിൽ വ്യാജ വായ്പകളിലൂടെ 38 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണ ജോയിന്റ് റജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തി. മുൻ പ്രസിഡന്റ് പി.ടി.പോളും മറ്റു ഭരണസമിതി അംഗങ്ങളും അന്തരിച്ച മുൻ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരും ചേർന്ന് സംഘത്തിന്റെ ഫണ്ട് ദുർവിനിയോഗം ചെയ്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇടപാടുകൾ സംബന്ധിച്ച പൂർണവിവരങ്ങൾ സംഘത്തിന്റെ സോഫ്റ്റ്‌വെയറിൽ നിന്നു ലഭിച്ചിട്ടില്ല. വായ്പ വിതരണത്തിൽ വൻ ക്രമക്കേടാണു നടന്നത്. യഥാർഥ ആധാരങ്ങൾ ഇല്ലാതെ മുൻ ആധാരങ്ങളുടെയും ആധാര പകർപ്പുകളുടെയും ഈടിന്മേൽ ഒട്ടേറെ വായ്പകൾ അനുവദിച്ചിട്ടുണ്ട്. പല വായ്പകളും വ്യാജപ്പേരുകളിലാണ്. 422 വായ്പകളിലായി 126 കോടി രൂപ നൽകിയതിൽ 96.74 കോടിക്കുള്ള വായ്പകളുടെ രേഖകൾ സംശയാസ്പദമാണ്. ഇതിൽ 38 കോടി രൂപയുടെ വായ്പകൾക്കുള്ള രേഖകൾ പൂർണമായും വ്യാജമാണ്. ഒരാൾക്ക് 25 ലക്ഷം രൂപ വരെയേ വായ്പ അനുവദിക്കൂ. ഇതു മറികടക്കാൻ പലരെക്കൊണ്ട് 25 ലക്ഷം രൂപ വീതം വായ്പ എടുപ്പിച്ചു. ഭരണസമിതിയും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം മരിച്ചവരുടെ പേരിൽ വായ്പയെടുത്തു.ഭരണസമിതി അംഗങ്ങൾ വസ്തു ഈട് പരിശോധന നേരിട്ട് നടത്താതെ വാല്യുവേഷൻ റിപ്പോർട്ടിൽ തുക രേഖപ്പെടുത്തി. സാമ്പത്തിക വർഷത്തിന്റെ അവസാനം വായ്പകൾ പുതുക്കി വയ്ക്കുന്ന സമയത്ത് വായ്പക്കാരൻ നേരിട്ടുവരാതെ തന്നെ അപേക്ഷയും മറ്റും വ്യാജ ഒപ്പിടുവിച്ച് കംപ്യൂട്ടറിൽ രേഖപ്പെടുത്തി. യൂസർ ഐഡികളിൽ വിവരങ്ങൾ തിരുത്താനും അക്കൗണ്ട് ഹെഡുകളിൽ മാറ്റം വരുത്താനുമുള്ള സോഫ്റ്റ്‌വെയറിലെ സൗകര്യം ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. അംഗത്വം എടുത്തവർക്ക് തിരിച്ചറിയൽ രേഖ നൽകാതെയും പ്രവേശന റജിസ്റ്ററിൽ സാക്ഷ്യപ്പെടുത്തൽ ഒഴിവാക്കിയുമാണ് തട്ടിപ്പ് നടത്തിയത്. ഒരേ അംഗത്തിനു തന്നെ എ ക്ലാസും സി ക്ലാസുമായി 3 അംഗത്വം നൽകി. ഗുരുതരമായ ധനാപഹരണം, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സാമ്പത്തിക ക്രമക്കേട് തുടങ്ങിയവയാണ് നടന്നിട്ടുള്ളത്. ബാങ്കിൽ നിന്നു ക്രമക്കേടിലൂടെ വായ്പ ലഭിച്ചവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി പണം തിരിച്ചുപിടിക്കണം. ഇതിനായി ജോയിന്റ് റജിസ്ട്രാർ റിക്കവറി ഓഫിസറെ നിയമിച്ചിട്ടുണ്ട്.  നിക്ഷേപകർക്ക് ഇപ്പോൾ നിക്ഷേപത്തിന്റെ 10% തുക നൽകുന്നുണ്ട്. പരമാവധി തുക 70,000 ആയി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവാഹം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് 1.5 ലക്ഷം രൂപ വീതം നൽകുന്നുണ്ട്. വായ്പ തിരിച്ചടയ്ക്കാത്തവർക്ക് എതിരെ നടപടികൾ ശക്തമാക്കി. ഗുരുതര ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ ശക്തമായ നടപടികൾ എടുക്കുന്നില്ലെന്ന് നിക്ഷേപക സംരക്ഷണസമിതി ആരോപിച്ചു. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user