ഉപ്പുതറ: വന്യമൃഗ ആക്രമണങ്ങളിൽ വലഞ്ഞ വളക്കോട് പാലൂക്കാവ് പന്നിക്കണ്ടത്ത് കാട്ടുതീയിൽ കർഷകരുടെ ഏക്കറ് കണക്കിന് കൃഷി കത്തിനശിച്ചു. പാലക്കാവ് സ്വദേശികളായ ദീപക്, വർക്കി ജോസഫ്, അനു വർഗീസ് ,ജോജൻ വർഗീസ്, ജെസി മാത്യു ,ദീപക് മാത്യു, ജെനു ടി.ഡി., അനു സെബാസ്റ്റ്യൻ, നിഷ ഉഷായ്, തങ്കച്ചൻ, ദീപ ജനു എന്നിവരുടെ ദേഹണ്ഡങ്ങളാണ് കത്തിനശിച്ചത്. മൂന്നു ദിവസം മുന്പ് കാക്കത്തോട് വനത്തിലുണ്ടായ തീയാണ് കൃഷി സ്ഥലത്തേക്കും വ്യാപിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ ദേഹണ്ഡങ്ങൾ കത്തിനശിച്ചു. കർഷകരുടെ കൃഷിഭൂമിയിൽ വനത്തിൽനിന്നു തീ പടർന്നിട്ടും വനംവകുപ്പ് അധികൃതർ നടപടി സ്വീകരിച്ചില്ലന്നും ആരോപണമുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് വളകോട് പാലക്കാവിൽ വ്യാപകമായി തീ പടർന്നത്. വനമേഖലയുടെ പന്നിക്കണ്ടം ഭാഗത്താണ് മൂന്നു ദിവസം മുന്പ് തീപിടിത്തമുണ്ടായത്. അത് വനംവകുപ്പിന് പൂർണമായി കൊടുത്താൻ കഴിയാതെയിരുന്നതാണ് തുടർന്നുള്ള ദിവസങ്ങളിൽ തീ പടരാൻ കാരണം. വനത്തിലെ തീ ഇന്നലെ ഉച്ചയോടെയാണ് കൃഷി ഭൂമിയിലേക്കു വ്യാപിച്ചത്. കുരുമുളക്, കാപ്പി, ഏലം, മലയിഞ്ചി തുടങ്ങിയ വിളകളാണ് കത്തി നശിച്ചത്. റോഡിൽനിന്നു വളരെ ദൂരെയുള്ള ഭൂമിയായതിനാൽ ഫയർഫോഴ്സ് എത്തിയെങ്കിലും അവരുടെ സേവനം പ്രയോജനപ്പെടുത്താനായില്ല. വനംവകുപ്പിൽ അറിയിച്ചുവെങ്കിലും സമയത്ത് വരാനോ തീയണക്കാനോ ശ്രമിച്ചില്ലന്നും കർഷകർ ആരോപിക്കുന്നു. വനത്തിലുണ്ടായ തീ പൂർണമായും അണയ്ക്കാൻ വനംവകുപ്പ് മുതിരാതിരുന്നതാണ് ഇത്ര വലിയ നഷ്ടം കർഷകർക്കുണ്ടാക്കിയത്. വനംവകുപ്പ് ഫയർലൈൻ തെളിക്കാതിരുന്നത് അഗ്നിബാധയുടെ വ്യാപ്തി കൂട്ടി. ഇതുവരെ 14.375 കിലോമീറ്റർ ദൂരം മാത്രമാണ് ഫയർലൈൻ തെളിച്ചത്. ജനവാസമേഖലയുടെ ഭാഗത്ത് തെളിക്കാതെ തേക്കു കൂപ്പിന്റെ ഭാഗത്ത് മാത്രമാണ് ഫയർലൈൻ തെളിച്ചത്. കാട്ടാന ശല്യത്തിൽ പൊറുതിമുട്ടുന്ന പ്രദേശമാണ് പാലക്കാവ് പന്നിക്കണ്ടം. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാനോ ആനയെ തുരത്താനോ ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിക്കാറില്ല. കാട്ടാനശല്യത്തിനു പിന്നാലെയാണ് കാട്ടുതീ കയറിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക