ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലേക്ക് ബസ് സ്റ്റാൻഡിൽനിന്നു ഭൂഗർഭ പാത നിർമിക്കുന്നതു മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ആംബുലൻസിൽ വരുന്ന രോഗികൾക്കും മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി. ബസ് സ്റ്റാൻഡിനുള്ളിൽ തലങ്ങും വിലങ്ങും (അങ്ങോട്ടും ഇങ്ങോട്ടും) ബസുകൾ, ലോറികൾ ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങൾ പോകുന്നത് ബസ് സ്റ്റാൻഡിനുള്ളിൽ വിവിധ വാഹനങ്ങൾ തിങ്ങി നിറഞ്ഞ് കിടക്കുന്നതിനാൽ മെഡിക്കൽ കോളജിലേക്ക് രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് യഥാസമയം ആശുപത്രിയിൽ എത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ ദിവസം ഡയാലിസിസിനു പോകേണ്ട ഒരു രോഗി ഓട്ടോറിക്ഷയിൽ വരവേ സ്റ്റാൻഡിനുനുള്ളിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടന്നു. ഈ സമയം മറ്റ് വാഹനങ്ങൾ പോയപ്പോഴുണ്ടായ പൊടിശല്യം മൂലം ഇവർ ഒട്ടോറിക്ഷയിലിരുന്ന് രക്തം ഛർദിച്ചു. ഉടൻ തന്നെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാത നിർമാണത്തിന്റെ ഭാഗമായി പ്രധാന റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് വീതി കൂട്ടുന്നതിന്റെ ഭാഗമായി ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിച്ചിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ നിർമിച്ചിരുന്ന വെയിറ്റിംഗ് ഷെഡ് ജെസിബി ഉപയോഗിച്ച് തകർത്ത ശേഷമാണ് മുഴുവൻ വാഹനങ്ങളും പോകുന്നതിന് അല്പം വീതി കൂട്ടിയത്.
പൂഴിയിട്ടാണ് വെയിറ്റിംഗ് ഷെഡ് നിർമിച്ചിരുന്നത് ഈ പൂഴി നിരത്തിയാണ് റോഡിന് വീതിയുണ്ടാക്കിയത്. അതിനാൽ ഏത് വാഹനങ്ങൾ പോയാലും പൊടി പറക്കുന്നത് മൂലം സ്റ്റാൻഡിലെ വ്യാപാരികൾക്കും ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ബുദ്ധിമുട്ടാണ്. കൂടാതെ പാതയുടെ നിർമാണം നടക്കുന്നതിനാൽ പകൽ സമയം മുഴുവൻ അപ്രഖ്യാപിത പവർ കട്ടാണ്. രാവിലെ ഒന്പതിന് വൈദ്യുതി ബന്ധം വിഛേദിച്ചാൽ വൈകുന്നേരം ആറിനു ശേഷമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കൂ ഇത് ഈ ഭാഗത്തുള്ള വീടുകൾക്കും വ്യാപാരി വ്യവസായികൾക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. അതിനാൽ ബസ് സ്റ്റാൻഡിനുള്ളിലെ വലിയ തിരക്ക് ഒഴിവാക്കാൻ ബസുകളും ആശുപത്രി വാഹനങ്ങളും സമീപത്തെ ഓട്ടോറിക്ഷ അടക്കമുള്ള ടാക്സി വാഹനങ്ങളും മാത്രം കടന്നുപോകാൻ സൗകര്യമുണ്ടാക്കുന്നതോടൊപ്പം മെഡിക്കൽ കോളജിലേക്ക് എത്തുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കാൻ മറ്റൊരു ഗയിറ്റ് തുറന്നുകൊടുക്കണമെന്നാണ് രോഗികളുടെയും യാത്രക്കാരുടെയും ആവശ്യം. വലിയ രീതിയിലുള്ള പൊടിശല്യം ഒഴിവാക്കാൻ പാത നിർമിക്കുന്ന കരാറുകാരൻ തയാറാകണമെന്നുമാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക