തലയോലപ്പറമ്പ്: പെട്രോൾ പമ്പ് ജീവനക്കാരനെയും യുവാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ വടകര കടവത്തുകുഴിയിൽ അജയ് സജി (25), വെള്ളൂർ വടകര കരോട്ടുതടത്തിൽ ആഷിക് കെ. ബാബു (25) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഞായറാഴ്ച രാത്രി 11 ഓടുകൂടി തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിന് സമീപം പ്രവർത്തിക്കുന്ന പെട്രോൾപമ്പിൽ പെട്രോൾ അടിക്കാനെത്തിയ സമയം ഇവിടെ ഗൂഗിൾ പേ വർക്ക് ചെയ്തിരുന്നില്ല. പണം നൽകിയാൽ പെട്രോൾ അടിക്കാമെന്നു ജീവനക്കാരൻ പറഞ്ഞതിൽ പ്രകോപിതരായി ഇവർ പെട്രോൾ പമ്പ് ജീവനക്കാരനെ ചീത്തവിളിക്കുകയും മർദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കൂടാതെ സ്ഥലത്തെത്തിയ ജീവനക്കാരന്റെ സുഹൃത്തായ ഉമ്മാംകുന്ന് സ്വദേശിയെയും ഇവർ മർദിക്കുകയും കൂർത്ത കമ്പി കഷണംകൊണ്ട് കുത്തിക്കൊലപ്പെടുത്താന് ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇവർ ബൈക്കിൽ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
തലയോലപ്പറമ്പ് പോലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. ആഷിക്കിന് തലയോലപ്പറമ്പ് സ്റ്റേഷനിലും അജയ് സജിക്ക് തലയോലപ്പറമ്പ്, കടുത്തുരുത്തി എക്സൈസ് എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. . ഇരുവരെയും കോടതിയിൽ ഹാജരാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക