Saturday, 6 April 2024

കുട്ടികളുടെ വേനലവധിക്കാലം സുരക്ഷിതമാക്കണം -കൊല്ലം ജില്ലാ കലക്ടര്‍

SHARE

വേനല്‍ക്കാലം സന്തോഷകരമായി കടന്നുപോകുവാനായി വ്യക്തിസുരക്ഷ സംബന്ധിച്ച അടിസ്ഥാനപാഠങ്ങള്‍ കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞ് പ്രാവര്‍ത്തികമാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.
ഉയര്‍ന്ന അന്തരീക്ഷ താപനിലകാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, ജലാശയ അപകടങ്ങള്‍, കളിസ്ഥലങ്ങളിലും വീടുകളിലും മറ്റും ഉണ്ടായേക്കാവുന്ന അഗ്‌നിബാധ, വേനല്‍മഴയ്‌ക്കൊപ്പമുള്ള ഇടിമിന്നല്‍, വിഷുക്കാലത്ത് പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍, സൈക്കിളില്‍ നിന്നും മറ്റുമുള്ള വീഴ്ച മൂലമുള്ള അപകടങ്ങള്‍ എന്നിവയാണ് ശ്രദ്ധിക്കേണ്ടത്.
• ചൂട്‌വഴിയുള്ള നിര്‍ജലീകരണം,  ചര്‍മത്തിലുണ്ടാകുന്ന തടിപ്പുകള്‍, സൂര്യാതപം മുതല്‍ സൂര്യാഘാതം വരെ സംഭവിക്കാം. ദാഹം ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക;പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
• പകല്‍ പതിനൊന്നുമണിക്കും മൂന്നുമണിക്കും ഇടയില്‍ വെയിലത്തുള്ള കളികള്‍ ഒഴിവാക്കുക.
• നല്ല വെയിലുള്ള സമയത്ത് പുറത്തുപോകേണ്ടിവന്നാല്‍ തൊപ്പിയോ കുടയോ ഉപയോഗിക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുക. പാദരക്ഷകള്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍, സണ്‍ ഗ്ലാസ് എന്നിവയുടെ ഉപയോഗവും  ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
• ചൂടുള്ള ചുറ്റുപാടില്‍ നിന്നും വന്നതിനു ശേഷം ഉടന്‍ തന്നെ തണുത്ത പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യം.
• സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയുടേതുള്‍പ്പെടെ റോഡുകളുടെ പണി നടക്കുകയാണ്. പൊടിമൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍, യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ മറക്കേണ്ട.
• ജലദൗര്‍ലഭ്യം രൂക്ഷമാകുന്ന കാലം ആയതുകൊണ്ട് തന്നെ സീല്‍ചെയ്ത കുപ്പിയില്‍ അല്ലാതെയുള്ള ഡ്രിങ്ക്‌സുകള്‍, നാരങ്ങാവെള്ളം, ഉപ്പിലിട്ടവ എന്നിവ വാങ്ങികഴിക്കുമ്പോള്‍ ശുദ്ധമായ ജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. വിനോദയാത്രയ്ക്ക് പോകുമ്പോള്‍ ഇങ്ങനെയുള്ള പാനീയങ്ങള്‍ ഒഴിവാക്കുക.
• കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍, കല്ലടയാര്‍, പള്ളിക്കലാര്‍, ശാസ്താംകോട്ട തടാകം, കൊല്ലം, അഴീക്കല്‍, പരവൂര്‍പൊഴിക്കര ബീച്ചുകള്‍, ഉപേക്ഷിച്ച പറക്വാറികളിലെ കുളങ്ങള്‍ എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞകാലങ്ങളില്‍ മുങ്ങിമരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞ പുഴകളിലെ മണലൂറ്റുമൂലം ഉണ്ടായിട്ടുള്ള കുഴികളിലും ചുഴികളിലും അകപ്പെട്ടും വെള്ളത്തില്‍ അകപ്പെട്ട ആളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചും നിരവധി ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. ഇവരില്‍ വലിയൊരു ശതമാനവും കുട്ടികളാണ്.
• അവധിക്കാലത്ത് ബന്ധുവീടുകളും മറ്റും സന്ദര്‍ശിക്കുമ്പോഴും ടൂര്‍ പോകുമ്പോഴും നീന്തല്‍ വശമുണ്ടെങ്കില്‍പോലും പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക, ഇറങ്ങുകയാണെങ്കില്‍ നന്നായി നീന്തല്‍ അറിയാവുന്ന മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രം ഇറങ്ങുക.
• കുട്ടികള്‍ കൂട്ടമായി നീന്താനും മറ്റും പോകുമ്പോള്‍ അവശ്യംവേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക. ആരെങ്കിലും വെള്ളത്തില്‍ അകപ്പെട്ടാല്‍ രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്ത് ചാടാതെ കമ്പോ, കയറോ, തുണിയോ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിക്കുക.
• ജലാശയങ്ങളില്‍ ബോട്ടിങ്, കയാക്കിങ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കുക.
• വേനല്‍മഴയോടൊപ്പമുള്ള ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴും മറ്റും ഇടിമിന്നലോടുകൂടി മഴ പെയ്താല്‍  മരത്തിന്റെ ചുവട്ടില്‍ നില്‍ക്കാതിരിക്കുക. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ എത്രയും പെട്ടെന്ന് അടച്ചുറപ്പുള്ള കെട്ടിടത്തിനുള്ളില്‍ അഭയം തേടുക.
• കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങിനല്‍കുമ്പോള്‍ ഒരു സൈക്കിള്‍ ഹെല്‍മെറ്റ് കൂടി വാങ്ങിനല്‍കുകയും അത് ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.
• വിഷുക്കാലത്ത് പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.
• കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകേണ്ടിവരുന്ന അവസരങ്ങളില്‍, അതുപോലെ വെക്കേഷന്‍ ക്ലാസ്സുകള്‍ക്കായും മറ്റും അപരിചിത ഇടങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ അവര്‍ ഒരു തരത്തിലും ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് രക്ഷകര്‍ത്താക്കള്‍ ഉറപ്പുവരുത്തണം.
• പല്ലുതേക്കുമ്പോഴും മുഖം കഴുകുമ്പോഴും പൈപ്പ് വെറുതെതുറന്നിടാതെ ജലഉപയോഗം പരിമിതപ്പെടുത്തണം.
• പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തുന്നതും ഉചിതമാകും.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user