പാലക്കയം: മലയോരമേഖലയിലെ പാലക്കയം ചീനിക്കപ്പാറയിലെ വന്യജീവി ആക്രമണത്തെത്തുടർന്ന് വനംവകുപ്പ് സ്വീകരിച്ച നടപടികളും സ്ഥാപിച്ച കൂടും അപര്യാപ്തമാണെന്നു പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. കാർഷിക മേഖലയിൽ സ്വയം പര്യാപ്തരായി ജീവിക്കുന്നതിനിടയിൽ വന്യജീവികളുടെ ആക്രമണമുണ്ടാകുന്നത് അധികൃതരുടെ വീഴ്ച്ചയാണെന്നും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം വനംവകുപ്പിനുണ്ടെന്നും ബിഷപ് പറഞ്ഞു. കാഞ്ഞിരപ്പുഴ ഫൊറോനാ വികാരി ഫാ. ബിജു കല്ലിങ്കൽ, ചീനിക്കപ്പാറ പള്ളി വികാരി ഫാ. ടോണി കോഴിപ്പാടൻ, കൈക്കാരൻ സച്ചു ജോസഫ് തുടങ്ങിയവരോടൊപ്പം ഒരു മാസത്തിനുള്ളിൽ രണ്ടു തവണ പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ചീനിക്കപ്പാറ ചെട്ടിപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ സാന്റിയെയും കുടുംബാംഗങ്ങളേയും ബിഷപ് ആശ്വസിപ്പിച്ചു. മാർച്ച് 17ന് രാത്രി ഒന്പതിന് സാന്റിയെ പുലി ആക്രമിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പ്പ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും ആക്രമണമുണ്ടായത്. മുറ്റത്ത് പൈപ്പിനു സമീപം നിൽക്കുമ്പോൾ പുലി വന്ന് നഖങ്ങൾ ഉപയോഗിച്ച് മാന്തുകയായിരുന്നു. ശരീരത്തിൽ പോറലുകലുണ്ടായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പ്രദേശവാസികളെ ആരേയും അറിയിക്കാതെ രാത്രി 11.30ന് ഷിജുവിന്റെ വീട്ടുമുറ്റത്തൊരു ചെറിയ കൂട് സ്ഥാപിച്ചിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം വിട്ടു.
പ്രതിഷേധം ശക്തമായതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമ സേനാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും ഡിഎഫ്ഒ വന്നാലേ പ്രശ്നത്തിനു പരിഹാരം കാണാനാകു എന്നു നാട്ടുകാർ പറയുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടർന്ന് ഡിഎഫ്ഒ യും സംഘവും സ്ഥലത്തെത്തി. പ്രദേശവാസികളുമായി ചർച്ച നടത്തുകയും പുലിയെ പിടികൂടുന്നതിനായി കൂട് വയ്ക്കാമെന്നും പ്രദേശത്ത് നീരീക്ഷണം നടത്താമെന്നും കാമറകൾ സ്ഥാപിക്കാമെന്നും ഉറപ്പു നൽകിയതിനെതുടർന്നാണ് ജനം പിരിഞ്ഞുപോയത്. പാലക്കയം മേഖലയിൽ വട്ടപ്പാറ, ചീനിക്കപ്പാറ, കുണ്ടംപെട്ടി, അച്ചിലട്ടി, തരുപ്പപ്പൊതി, മുണ്ടനാട്, വഴിക്കടവ്, പാണ്ടൻമല തുടങ്ങിയ ജനവാസ മേഖലകളിലെല്ലാം പുലികളുടേയും കടുവ, ആന, കാട്ടു പന്നി തുടങ്ങിയ വന്യമൃഗങ്ങളുട ശല്യം ആക്രമണവും രൂക്ഷമാണ്. രാത്രികാലങ്ങളിൽ ഇറങ്ങിയിരുന്ന വന്യമൃഗങ്ങൾ പകലും ഇറങ്ങാൻ തുടങ്ങിയത് പ്രദേശത്ത് ഭീതി പരത്തുന്നുണ്ട്. പുലർച്ചെ റബർ ടാപ്പിംഗിനു പോകുന്നവരാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. ജോലിക്കു പോകുന്നവരും ദൂരസ്ഥലത്തു നിന്നും പഠനം കഴിഞ്ഞ് രാത്രി വീടുകളിലേയ്ക്കു വരുന്നവരും വന്യമൃഗങ്ങളെ പേടിച്ച് നാലും അഞ്ചും പേരടങ്ങുന്ന സംഘമായാണ് നടക്കുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക