കൊച്ചി: ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വാസ്ഥ്യം നേരിട്ട യുവാവിന് ദാരുണാന്ത്യം. ആലങ്ങാട് സ്വദേശി സിബിൻ ദാസാണ്(46) മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ചെമ്മീൻ കറി കൂട്ടി ഭക്ഷണം കഴിച്ചതിനു പിന്നാലെ ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടെ മരണം സംഭവിച്ചു. മരണകാരണം സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പോലീസ് അറിയിച്ചു.
ചെമ്മീൻ കറി കഴിച്ച് അടുത്തിടെ മറ്റൊരു യുവതിയും മരിച്ചിരുന്നു. ചെമ്മീൻ മരണകാരണമാകുന്നത് എങ്ങനെയെന്ന ചർച്ചകൾ സാമൂഹികമാധ്യമത്തിൽ നടക്കുന്നുണ്ട്. ചെമ്മീനും ചെറുനാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് മരണകാരണമാകും എന്നുവരെ പോകുന്നു പ്രചാരണങ്ങൾ. ചില ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നത് ചിലരിൽ അലർജിയുണ്ടാക്കും , ചെമ്മീനിൽ അടങ്ങിയിരിക്കുന്ന പ്രത്യേക പ്രൊട്ടീൻ ചിലരിൽ അലർജിയുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ഷെൽഫിഷായ ചെമ്മീൻ അലർജിക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം
വില്ലനാകുന്നത് അനഫിലക്സിസ
ചെമ്മീൻ ഭക്ഷിക്കുന്നതിലൂടെ മരണം സംഭവിക്കുന്നത് വളരെ അപൂർവമാണ്. അനഫിലക്സിസ് എന്ന അലർജി മൂർച്ഛിച്ച് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ചെമ്മീൻ വർഗത്തിൽപെട്ട മീനുകൾ കഴിക്കുമ്പോൾ പലരിലും അനഫിലക്സിസ് എന്ന അലർജി കാണാറുണ്ട്. നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം ചെമ്മീനിലെ ഒരു പ്രത്യേക തരം പ്രോട്ടീനിന് (ചെമ്മീനിലെ ട്രോപോമയോസിൻ) എതിരെ പ്രവർത്തിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ചെമ്മീനിലെ പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ഹാനികരമാകും എന്ന തോന്നലിൽ ശരീരം അതിനോട് റിയാക്ട് ചെയ്യുന്നതിന്റെ ഭാഗമായി ചില ഇമ്മ്യൂൺ സെൽസ് ആക്ടിവേറ്റഡാകുകയും ഇമ്മ്യൂണോ ഗ്ലോബുലിൻ ഇമ്മീഡിയേറ്റഡ് എന്ന ആന്റിബോഡി ഉണ്ടാക്കുകയും ചെയ്യും. ഇത് നമ്മുടെ ശരീരത്തിലെ പലതരം സെൽസിനെ ആക്ടിവേറ്റ് ചെയ്ത് അലർജൻസ് പുറപ്പെടുവിക്കും(സൈറ്റോകൈൻസ്). അതുവഴി ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ഇത് രണ്ട് തരത്തിലാണ് സംഭവിക്കുക. ചെമ്മീൻ കഴിച്ച ഉടനയോ കുറച്ച് സമയത്തിന് ശേഷമോ ഇത്തരം അലർജി കണ്ടുവരാം. ഇതിൽ പെട്ടന്ന് ഉണ്ടാവുന്ന അലർജിക് റിയാക്ഷൻ ആണ് അനാഫലൈറ്റസ് എന്ന് പറയുന്നത്. അനാഫലൈറ്റസ് ശ്വാസ തടസ്സം, ഹൃദയസ്തംഭനം ബിപി കുറയുക തുടങ്ങിയ കാര്യങ്ങളിലേക്ക് നയിക്കും.
അസ്വസ്ഥ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക
ചെമ്മീൻ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അലർജി മൂലമുള്ള മരണനിരക്ക് കുറവാണെങ്കിലും ചെമ്മീൻ കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടാലുടൻ ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്. ചികിത്സ വൈകി ഹൃദയത്തേയും ശ്വാസകോശത്തേയും രക്തക്കുഴലിനേയും ബാധിക്കുമ്പോളാണ് കാര്യങ്ങൾ ഗുരുതരമാവുക. എപിനെഫ്രിൻ(epinephrine) എന്ന ഇഞ്ചക്ഷൻ ആണ് ഇത്തരം അലർജി ഉള്ളവരിൽ ചികിത്സയ്ക്കായി ഉപയോഗിക്കുക. ആശുപത്രിയിൽ എത്തിച്ച് രണ്ടുമിനിറ്റിനുള്ളിൽ തന്നെ ഇഞ്ചക്ഷൻ നൽകാം. വിദേശരാജ്യങ്ങളിലെല്ലാം ഇത്തരം അലർജിയുള്ള ആളുകൾക്ക് ഈ ഇഞ്ചക്ഷൻ കൈയിൽ സൂക്ഷിക്കാനുള്ള അനുമതിയുണ്ട്.
ഒരിക്കൽ അലർജി കണ്ടാൽ പിന്നീട് ചെമ്മീൻ ഉപയോഗിക്കാതിരിക്കുക എന്നത് പ്രധാനം
ഇത്തരം അലർജി പൂർണമായും ചികിത്സിച്ച് മാറ്റാൻ കഴിയില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഒരുതവണ അലർജി വന്ന് ചികിത്സ തേടിയാലും വീണ്ടും ചെമ്മീൻ കഴിക്കുമ്പോൾ അതേ അലർജി ഉണ്ടാവും. ചെമ്മീൻ കഴിച്ച് ഒരിക്കൽ അലർജിയുണ്ടായവർ ചെമ്മീൻ പിന്നീട് ഒരിക്കലും കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. ചെമ്മീൻ മാത്രമല്ല കൂന്തൾ , ഞണ്ട്, തുടങ്ങി തോടുള്ള എല്ലാ മത്സ്യങ്ങളും ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം ആദ്യത്തെ തവണ അലർജി വരുമ്പോൾ ചെറിയ രീതിയിലാവും ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരിക. എന്നാൽ വീണ്ടും ഇത്തരം ഭക്ഷണങ്ങൾ ശരീരത്തിൽ എത്തുമ്പോൾ ശരീരം വളരെ പെട്ടെന്ന് തന്നെ സ്ട്രോങ് ആയി റിയാക്ട് ചെയ്യുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യും. ഇത് മരണസാധ്യതയും കൂട്ടും. അതുകൊണ്ട് ഒരിക്കൽ അലർജി കണ്ടാൽ പിന്നീട് ചെമ്മീൻ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കാം.
ആദ്യമായി കഴിക്കുന്നവരിൽ മാത്രമല്ല സ്ഥിരമായി കഴിക്കുന്നവരിലും അലർജി ഉണ്ടാവും
ചെമ്മീൻ സ്ഥിരമായ കഴിക്കുന്ന ആളുകളിലും ഇത്തരം അലർജി ഉണ്ടാവാൻ സാധ്യതയുണ്ട്. വർഷങ്ങളായിട്ട് ചെമ്മീൻ കഴിച്ചു വരുന്നവരിൽ പോലും ചിലപ്പോൾ പെട്ടെന്ന് അലർജി ഉണ്ടായേക്കാം . ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ ആദ്യമായി ഉണ്ടാകുന്നതല്ലേ എന്ന് കരുതി അവഗണിക്കാതെ പിന്നീട് ഇത്തരം മത്സ്യങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വയറിൽ പുകച്ചിൽ, ചൊറിച്ചിൽ, ചുണ്ടിന് ചുറ്റുമുള്ള നീർക്കെട്ട് തുടങ്ങിയവയാണ് അലർജി ഉണ്ടാകുന്നതിന്റെ ഭാഗമായി പെട്ടന്ന് കാണപ്പെടുന്ന ലക്ഷണങ്ങൾ. പിന്നീട് ശ്വാസ തടസ്സം , അമിതമായ വിയർപ്പ്, ബിപി താഴുക തുടങ്ങിയ പ്രശ്നങ്ങളിലേക്ക് എത്തും. കൃത്യ സമയത്ത്ചികിത്സ കിട്ടിയില്ലെങ്കിൽ ഹൃദയ സ്തംഭനവും സംഭവിക്കും. മറ്റ് അലർജി ഉള്ളവർക്ക് ചെമ്മീൻ അലർജി ഉണ്ടാവണം എന്നില്ല. പുകയോ പൊടിയോ അലർജി ഉണ്ടാക്കുന്നവരിൽ ചെമ്മീൻ കഴിക്കുന്നത് അലർജി ഉണ്ടാക്കണം എന്നില്ല.
കടപ്പാട്:
ഡോ: സാബു കെ.ജി
കൺസൾട്ടൻറ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ( മീഡിയയോട് പറഞ്ഞത്)