കേരളത്തില്‍ ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ് തരംഗമാണല്ലോ, അങ്ങനെയെങ്കില്‍ ചായക്കടയ്ക്ക് ആ പേര് തന്നെ ഇടാന്‍ തീരുമാനിച്ചതാണ് ചേരാനല്ലൂർ സ്വദേശികൾ. പക്ഷെ സംഗതി പാളി. മഞ്ഞുമ്മൽ മാടപ്പാട്ട് റോഡിൽ ബവ്റിജ് ഷോപ്പിനു സമീപം വല്ലാർപാടം കണ്ടെയ്നർ റോഡിനരികിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന പേരിൽ തുടങ്ങിയ ചായക്കട പൊലീസ് പൂട്ടിച്ചു. ചേരാനല്ലൂർ സ്വദേശികൾ തുടങ്ങിയ ചായക്കടയ്ക്ക് ആവശ്യമായ ലൈസൻസുകളുണ്ടായില്ല. സ്ഥാപനത്തിനു ലൈസൻസ് നൽകിയിട്ടില്ലെന്നു നഗരസഭയും പൊലീസിനെ അറിയിച്ചു. അനുമതിപത്രങ്ങൾ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നും പൊലീസ് പറഞ്ഞു. നടത്തിപ്പുകാരുടെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് നടപടിക്കു കാരണമായി.
ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെടുകയും വളരെയധികം തരംഗമായി മാറിയ മലയാള ചലച്ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളമൊട്ടാകെ അനധികൃതമായി യാതൊരു മാനദണ്ഡങ്ങളും, സുരക്ഷാക്രമീകരണങ്ങളോ, ഹൈജീൻ സംവിധാനങ്ങളോ, ലൈസൻസുകളുമില്ലാതെ ഒട്ടനവധി അനധികൃത കടകളുടെ പെരുപ്പം മൂലം പരമ്പരാഗതമായി കേരളത്തിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് ലൈസൻസുകൾ എടുത്ത് ഫുഡ് ഹാൻഡിലേഴ്സിന്റെ മെഡിക്കൽ, വെള്ളം പരിശോധിച്ചു നടത്തിവരുന്ന ഹോട്ടൽ വ്യവസായത്തിന് കനത്ത ഭീഷണി ഉണ്ടാക്കുകയും ഹോട്ടൽ വ്യവസായികൾ ബിസിനസ് തകർച്ചയുടെ വക്കിൽ എത്തുകയും ചെയ്യുന്നതിനെ തുടർന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളമൊട്ടാകെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലും പരാതികൾ കൊടുത്തതിന്റെ ഫലമായി കേരളത്തിലുടനീളം അനധികൃത കടകൾക്കെതിരെ അധികൃതർ ശക്തമായ നടപടികൾ എടുത്തു തുടങ്ങിയതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ നടന്നുവരുന്നത്. ഇത്തരം അനധികൃത തട്ടുകടകൾ പലതും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ് നടത്തിവരുന്നത്, അതുമൂലം പല പ്രശ്നങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതൽ നടപടികൾ തുടരുമെന്നാണ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.