കൊച്ചി കോർപ്പറേഷനിലെ മാലിന്യനീക്കത്തിനുള്ള യൂസർ ഫീ പിരിവിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്. 4 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തുള്ള അന്വേഷണ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടിന്‍റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
കൊച്ചി കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനും, രണ്ടുപേരെ സ്ഥലം മാറ്റാനുമാണ് വിജിലൻസിന്റെ ശുപാർശ. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന്‍റെ ചുമതലയുള്ള 17-ാം സർക്കിളിന്‍റെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന സി. പ്രസന്നൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനു പി.എസ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്താമെന്നാണ് റിപ്പോർട്ട്. യൂസർ ഫീ പിരിവിലെ ക്രമക്കേടുകളിൽ ഇവർക്കെതിരെ സാക്ഷിമൊഴികളടക്കമുള്ള സാഹചര്യത്തിലാണിത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ വി.എസ്, ഇന്ദുലേഖ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്കാണ് ശുപാർശ. ക്രമക്കേടുകളിൽ നേരിട്ട് ബന്ധം ഇല്ലെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള റിപ്പോർട്ട്.
സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുള്ള യൂസർഫീ, പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചതിനുള്ള പിഴ എന്നിങ്ങനെ വൻതുകകൾ ഈടാക്കാറുണ്ട്. എന്നാൽ നാമമാത്ര തുക കോർപ്പറേഷനിൽ അടച്ച് ബാക്കി ഇവർ കൈക്കലാക്കുന്നു എന്നായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ലഭിച്ച പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമായത്. 11 സാക്ഷികളുടെ മൊഴിയെടുത്തതായും, വിവിധ രേഖകൾ പരിശോധിച്ചതായും റിപ്പോർട്ടിലുണ്ട്. തട്ടിപ്പിൽ കോർപ്പറേഷന് ഉണ്ടായ നഷ്ടം കണക്കാക്കുന്നതിനും, കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി സ്പെഷൽ ഓഡിറ്റിനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.