തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണ. 15 സീറ്റുകളില്‍ സിപിഐഎമ്മും നാലിടത്ത് സിപിഐയും മാറ്റുരയ്ക്കും. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയം സീറ്റ് നല്‍കാനാണ് ധാരണയായത്. ശനിയാഴ്ച വൈകിട്ട് ചേരുന്ന മുന്നണി നേതൃയോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
മുന്നണിയിലെ പ്രധാന പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിയശേഷമാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട എല്‍ഡിഎഫ് നേതൃത്വം ധാരണയിലെത്തിയത്. മുന്നണിയിലെ പുതുമുഖമായ കേരളാ കോണ്‍ഗ്രസ് എം, സിറ്റിങ്ങ് സീറ്റായ കോട്ടയത്തിന് പുറമേ പത്തനംതിട്ട സീറ്റ് കൂടി ചോദിച്ചിരുന്നു. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്കാന് പൂര്‍ണ സമ്മതമാണെന്ന് നേതൃത്വം വ്യക്തമാക്കി. എന്നാല്‍ രണ്ടാമതൊരു സീറ്റ് കൂടി നല്കാന് ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ചു. സിപിഐഎം നിര്‍ദേശത്തിന് വഴങ്ങിയ കേരളാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യത്തില്‍ നിന്ന് തല്ക്കാലം പിന്മാറി.