ഇനി ഗ്രീൻ ഫീസും ഗ്രീൻ സെസും; ജില്ലയിലേക്ക് എത്തുന്നവർ ഒരു തുക നൽകേണ്ടിവരും; കർണാടക മോഡൽ പദ്ധതി വയനാട്ടിലും
വയനാടിനെ സംബന്ധിച്ച് അവധിക്കാലങ്ങളിലും മറ്റും വിനോദസഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ ഗ്രീൻ ഫീസും ഗ്രീൻ സെസും നടപ്പിലാക്കിയാൽ വലിയൊരു തുക തന്നെയായിരിക്കും ലഭ്യമാകുക. വയനാടിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രീൻ ക്ലീൻ വയനാട് പദ്ധതിയുടെ ഭാഗമായാണ് ഫീസ് ഈടാക്കാനുള്ള നീക്കം.
ഇത്തരത്തിൽ ലഭിക്കുന്ന തുക മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് തീരുമാനം. നിലവിൽ പൊതുവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ജില്ലയിലെ പലയിടത്തും കാണാനാവും. ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, മാലിന്യകേന്ദ്രങ്ങൾ ശുചിയാക്കുക, യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനുള്ള ഇടം തയ്യാറാക്കുക തുടങ്ങിയ പ്രവൃത്തികളും നടത്താൻ പദ്ധതിയിടുന്നുണ്ട്.വയനാടിന്റെ അതിർത്തി ജില്ലയായ കർണാടക 20 രൂപ ഗ്രീൻ ഫീസ് വാങ്ങിയിരുന്നു. ഇതേ രീതിയിൽ അതിർത്തി ചെക്കുപോസ്റ്റുകളിലായിരിക്കും തുക ഈടാക്കുക. എത്ര രൂപ ഈടാക്കുമെന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക. ഇതുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അഞ്ചംഗസമിതിയെ തിരഞ്ഞെടുത്തതായാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.