വനിതകള്‍ക്കായി നിവ്യയുടെ തൊഴില്‍ പദ്ധതി കേരളത്തിലും, വരുന്നത് പ്ലാസ്റ്റിക് മാലിന്യ ശേഖരണ, സംസ്‌കരണ പദ്ധതി
കൊവിഡ് മഹാമാരി ഏറ്റവുമേറെ ബാധിച്ച സ്ത്രീകള്‍ക്കായി ചര്‍മ്മസംരക്ഷണ മേഖലയിലെ ആഗോള ബ്രാന്റായ നിവ്യ (Nivea) ആവിഷ്‌കരിച്ച 'വിമന്‍ ഇന്‍ സര്‍ക്കുലാരിറ്റി' പദ്ധതി കേരളത്തിലുമെത്തുന്നു. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതോടൊപ്പം 500 ഓളം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്ന ആഗോള പദ്ധതി മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'ഗ്രീന്‍വോംസ്' എന്ന സന്നദ്ധ സംഘടന വഴിയാണ് കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി ആരംഭിക്കുന്ന പ്ലാസ്റ്റിക സംഭരണ പ്ലാന്റ് അടുത്ത മാസത്തോടെ മലപ്പുറം ജില്ലയില്‍ നിലവില്‍ വരുമെന്ന് 'ഗ്രീന്‍വോംസ്' സി ഇ ഒ ജാബിര്‍ കാരാട്ട് അറിയിച്ചു. 2024 ഫെബ്രുവരിയില്‍ കണ്ണൂരില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് ആരംഭിക്കും. 20 ഗ്രാമങ്ങളില്‍ നിന്നുള്ള 500 വനിതകള്‍ക്ക് ഇതു വഴി തൊഴില്‍ ലഭിക്കും. ഒരു വര്‍ഷം സംഭരിക്കുന്ന 6000 ടണ്‍ പ്ലാസ്റ്റിക്കില്‍ 2760 ടണ്‍ പുനരുപയോഗത്തിനായി സംസ്‌കരിച്ചെടുക്കുമെന്നും സംഘടന അറിയിച്ചു. മാലിന്യശേഖരണ, സംസ്‌കരണ മേഖലയിലെ സ്ത്രീകള്‍ക്കായി ശില്‍പ്പശാല, സ്‌കോളര്‍ഷിപ്പ്, ആരോഗ്യ പരിശോധന, ആരോഗ്യ ഇന്‍ഷ്വറന്‍സ്, വാക്സിനേഷന്‍ ക്യാമ്പുകള്‍, ആര്‍ത്തവകാല ശുചിത്വ ബോധവല്‍കരണം, മാലിന്യം ശേഖരിക്കുന്നവര്‍ക്ക് ക്ഷേമനിധി എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി ഗ്രീന്‍വോംസ് അറിയിച്ചു.
നിവ്യ ഉടമകളായ ബിയേഴ്സ്ഡോര്‍ഫ് ഇന്ത്യക്ക് പുറമെ അര്‍ജന്റീന, കെനിയ, ഘാന എന്നിവിടങ്ങളിലും വനിതകളെ സഹായിക്കുന്നതിനായി 'വിമന്‍ ഇന്‍ സര്‍ക്കുലാരിറ്റി' പദ്ധതി നടപ്പാക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി 40 ലക്ഷം യൂറോയാണ് (35.5 കോടി രൂപ) കമ്പനി പദ്ധതിക്കായി ചെലവഴിക്കുന്നത്. കോവിഡ്-19 മഹാമാരിയില്‍ ജീവിതസാഹചര്യങ്ങള്‍ മാറിമറിഞ്ഞ സ്തീകളെ സഹായിക്കാന്‍ തുടങ്ങിവെച്ച പദ്ധതികളുടെ തുടര്‍ച്ചയാണ് 'വിമന്‍ ഇന്‍ സര്‍ക്കുലേറ്ററി'പദ്ധതിയെന്ന് ബിയേഴ്സ്ഡോര്‍ഫ് വൈസ് പ്രസിഡന്റ് ജീന്‍ ഫ്രാങ്കോയിസ് പാസ്‌കല്‍ പറഞ്ഞു