നെടുമ്പാശേരിയിലേക്ക് മെട്രോ അടുത്ത വർഷം, ഡിപിആർ ഈ മാസം തന്നെ; ശൃംഖല വ്യാപിപ്പിക്കാൻ കൊച്ചി മെട്രോ
കൊച്ചി: രണ്ടാം ഘട്ട മെട്രോ പാതയുടെ നിർമാണം തുടങ്ങിയതിനു പിന്നാലെ നെടുമ്പാശേരി വിമാനത്താവളത്തെ കൊച്ചി മെട്രോ ശൃംഖലയുടെ ഭാഗമാക്കാനൊരുങ്ങി കെഎംആർഎൽ. ആലുവയിൽനിന്നുള്ള മെട്രോ പാത വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീട്ടാനാണ് പദ്ധതി. ഈ മാസം അവസാനത്തോടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കാനാണ് നീക്കം. കാക്കനാട് ഇൻഫോപാർക്ക് പാതയുടെ നിർമാണത്തിനൊപ്പംതന്നെ മൂന്നാം ഘട്ട നിർമാണവും ആരംഭിക്കാനാണ് മെട്രോ അധികൃതർ പദ്ധതിയിടുന്നത്.
കൊച്ചി മെട്രോയുടെ വികസനപ്രവർത്തനങ്ങൾക്ക് അടക്കം മാർഗരേഖയാകുന്ന കോംപ്രഹെൻസിവ് മൊബിളിറ്റി പ്ലാൻ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി കെഎംആർഎലിന് കൈമാറിയിരുന്നു. മെട്രോയിൽ യാത്രക്കാരുടെ എണ്ണവും വരുമാനവും കൂട്ടാനുള്ള ശുപാർശകൾ അടക്കം ഇതിലുണ്ട്. ഇതിനു പിന്നാലെയാണ് വിശാല കൊച്ചിയുടെ കൂടുതൽ മേഖലകളിലേക്ക് മെട്രോ എത്തിക്കാനുള്ള പദ്ധതി ഒരുങ്ങുന്നത്.
നിലവിൽ തൃപ്പൂണിത്തുറ എസ്എൻ ജങ്ഷനിൽനിന്ന് ആലുവ വരെയാണ് മെട്രോ സർവീസുള്ളത്. മാസങ്ങൾക്കുള്ളിൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ മെട്രോ പാത നീളും. ഈ പാതയിൽ കലൂർ സ്റ്റേഡിയം ജങ്ഷനിൽനിന്നാണ് കാക്കാനാട്ടേക്കുള്ള പാത തിരിയുന്നത്. ഈ പാതയിലെ വയഡക്ടിൻ്റെയും സ്റ്റേഷനുകളുടെയും നിർമാണവുമായി മുന്നോട്ടുപോകുകയാണ് കെഎംആർഎൽ. 2025ൽ നിർമാണം പൂർത്തിയാക്കുകയാണഅ ലക്ഷ്യം. ഈ പ്രവൃത്തികൾ തീരുന്നതിനു മുൻപു തന്നെ നെടുമ്പാശേരി, അങ്കമാലി പാതയുടെയും നിർമാണം തുടങ്ങും.
ആലുവ വരെയെത്തുന്ന മെട്രോയുടെ നിലവിലെ ലൈൻ തന്നെയാണ് വടക്കോട്ടു നീട്ടുക എന്നാണ് കെഎംആർഎലിൻ്റെ ഔദ്യോഗിക പ്രതികരണം. മെട്രോ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായി രണ്ട് ലൈനുകളാണ് തയ്യാറാക്കുക. ആലുവ സ്റ്റേഷനിൽനിന്ന് അത്താണി വഴി നെടുമ്പാശേരി വിമാനത്താവളം വരെ എത്തുന്നതാണ് ഒരു ലൈൻ. അത്താണിയിൽ നിന്ന് അങ്കമാലി ടൗണിലേക്ക് രണ്ടാമത്തെ പാതയും നിർമിക്കും. അത്താണി മെട്രോ ജങ്ഷനായി വികസിക്കും. എറണാകുളം ഭാഗത്തുനിന്നെത്തുന്ന യാത്രക്കാർക്ക് ട്രെയിൻ മാറിക്കയറാതെ വിമാനത്താവളം വരെയെത്താനാകും. അങ്കമാലിയിൽനിന്ന് വിമാനത്താവളത്തിലേക്കോ എറണകുളത്തേക്കോ പോകേണ്ട യാത്രക്കാർക്ക് അത്താണിയിലെത്തി അടുത്ത ട്രെയിനിൽ കയറേണ്ടിവരും. എന്നാൽ വീണ്ടും ടിക്കറ്റ് എടുക്കേണ്ടിവരില്ല. ഇക്കാര്യങ്ങൾ ഉറപ്പാകാൻ ഡിപിആർ പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടിവരും.
മെട്രോ വികസനം സംബന്ധിച്ച് സിയാൽ അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അങ്കമാലിയിലേക്കും കൊച്ചി നഗരകേന്ദ്രത്തിലേക്കും എളുപ്പത്തിൽ എത്താൻ പുതിയ പദ്ധഥി സഹായിക്കും. നിലവിൽ ഡൽഹി, ചെന്നൈ നഗരങ്ങളിൽ ഇത് സാധ്യമാണ്. മെട്രോയുടെ യാത്രക്കാരുടെ എണ്ണത്തിലും വർധനവുണ്ടാക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ ലൈനിലെ സ്റ്റേഷനുകളുടെ സ്ഥാനം അടക്കം ഇതുവരെ തീരുമാനിച്ചിട്ടില്ല.
വിമാനത്താവളം ഭാവിയിൽ മൊബിളിറ്റി ഹബ്?
മെട്രോ ലൈൻ യാഥാർഥ്യമായാൽ കൊച്ചി വിമാനത്താവളം പുതിയ ഗതാഗത ഹബ്ബായി മാറാനുള്ള സാധ്യതയും ഏറെയാണ്. സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന സിൽവർലൈൻ പദ്ധതിക്കും കൊച്ചി വിമാനത്താവളത്തിൽ സ്റ്റോപ്പുണ്ട്. സിൽവർലൈനിന് രണ്ട് സ്റ്റോപ്പുകളുള്ള ഒരേയൊരു ജില്ലയാണ് എറണാകുളം. പദ്ധതി അടിയന്തര പ്രാധാന്യമുള്ളതാണെന്നും കെ-റെയിൽ അധികൃതരുമായി ചർച്ച തുടരണമെന്നും റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോടു നിർദേശിച്ചിരുന്നു. സിൽവർലൈൻ വഴി സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കൊച്ചിയുടെ വടക്കൻ മേഖലകളിലേക്ക് പോകാൻ നെടുമ്പാശേരി സ്റ്റോപ്പാകും എളുപ്പം. അങ്കമാലിയിലേക്ക് പോകാനുള്ള യാത്രക്കാർക്കും നെടുമ്പാശേരിയിൽ ഇറങ്ങി മെട്രോ പിടിക്കാം. ഇതോടൊപ്പം എംസി റോഡിനു സമാന്തരമായി കടന്നുപോകുന്ന പുതിയ നാലുവരി ഗ്രീൻഫീൽഡ് ദേശീയപാതയും വിമാനത്താവളത്തോടു ചേർന്നാണ് കടന്നുപോകുന്നത്.