ദേ വന്നു, ദാ പോയി വന്ദേഭാരത്; ദീപാവലിക്ക് ബെംഗളൂരു – എറണാകുളം വന്ദേഭാരത് സ്പെഷൽ ഇല്ല.
ബെംഗളൂരു∙ ദീപാവലിക്ക് നാട്ടിലെത്താൻ ബെംഗളൂരു – എറണാകുളം വന്ദേഭാരത് സ്പെഷൽ ട്രെയിൻ പ്രഖ്യാപനം കാത്തിരുന്നവർക്ക് നിരാശ. റെയിൽവേ ബോർഡ് അനുമതി ലഭിക്കാത്തതിനാൽ വന്ദേഭാരത് സർവീസ് ഉണ്ടാകില്ലെന്ന് ഉറപ്പായി.
കെഎസ്ആർ ബെംഗളൂരു–എറണാകുളം റൂട്ടിൽ 10,11, 12 തീയതികളിൽ പകൽ സർവീസായി വന്ദേഭാരത് ഓടിക്കാനുള്ള അനുമതിയാണ് ദക്ഷിണ റെയിൽവേ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സാങ്കേതിക തടസ്സം മൂലം അനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്. ചെന്നൈ–ബെംഗളൂരു റൂട്ടിൽ 2 ട്രിപ്പുകളും ബെംഗളൂരു–എറണാകുളം റൂട്ടിൽ 6 ട്രിപ്പുമാണ് നിശ്ചയിച്ചിരുന്നത്.
കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 4.30നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.30നു എറണാകുളം ജംക്‌ഷനിലെത്തും. തിരിച്ച് 2ന് എറണാകുളം ജംക്‌ഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30നു ബെംഗളൂരുവിൽ എത്തുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിലേക്ക് സ്പെഷൽ ട്രെയിനില്ല
കേരളത്തിലേക്ക് ഒരു സ്പെഷൽ ട്രെയിൻ പോലും അനുവദിക്കാതെ ദക്ഷിണ പശ്ചിമ റെയിൽവേ. വടക്കൻ കർണാടകയിലേക്കും ഉത്തരേന്ത്യൻ നഗരങ്ങളിലേക്കും സ്പെഷൽ ട്രെയിൻഅനുവദിച്ചെങ്കിലും യാത്രാത്തിരക്കേറെയുള്ള കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ ഒരു അധിക കോച്ച് പോലും ഏർപ്പെടുത്തിയില്ല. ഓണം, ദസറ സീസണിൽ ഓടിച്ചിരുന്ന എസ്എംവിടി–കൊച്ചുവേളി സ്പെഷൽ ഫെയർ ട്രെയിനും ഇത്തവണ അനുവദിച്ചിട്ടില്ല. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന നാളെ കേരള ആർടിസി 15 സ്പെഷൽ ബസുകളാണ് അനുവദിച്ചത്.ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കർണാടക ആർടിസി 25 സ്പെഷൽ ബസുകളാണ് അനുവദിച്ചത്. സ്വകാര്യ ബസുകളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് നിരക്ക് 4000 രൂപവരെ ഉയർന്നു.
കേരള ആർടിസി 46 എസി ബസുകൾ വാങ്ങുന്നു
പുതിയ 46 എസി ബസുകൾ വാങ്ങാൻ കേരള ആർടിസി നടപടികൾ തുടങ്ങിയതോടെ ബെംഗളൂരു മേഖലയിലേക്ക് കൂടുതൽ ബസുകൾ എത്തുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. സംസ്ഥാനാന്തര റൂട്ടുകളിലോടിക്കാനാണ് എസി ബസുകൾ വാങ്ങുന്നത്. നിലവിൽ ബെംഗളൂരു റൂട്ടിൽ ഓടുന്ന എസി ബസുകൾ ഭൂരിഭാഗവും കെഎസ്ആർടിസി സ്വിഫ്റ്റിന്റേതാണ്. തിരുവനന്തപുരത്തേക്കുള്ള വോൾവോ, സ്കാനിയ ബസുകൾ മാത്രമാണ് കേരള ആർടിസിക്കുള്ളത്. കാലപ്പഴക്കമേറിയ ബസുകൾ തുടർച്ചയായി തകരാറിലാകുന്നതും പതിവാണ്. പുതിയ ബസുകളുടെ 3 വർഷത്തെ അറ്റകുറ്റപ്പണിയും കരാറെടുക്കുന്ന കമ്പനി തന്നെ ഉറപ്പ് നൽകണം.