മലപ്പുറത്തിൻ്റെ തലവര മാറ്റുമോ ഈ കുമ്പളങ്ങ? വിത്ത് വീണ്ടും ലഭിച്ചു; അന്ന് ഉത്തരേന്ത്യക്കാർ എത്തിയത് ആഗ്ര പേഡയ്ക്കായി
മലപ്പുറം: കോഡൂർ കുമ്പളത്തിന് പേറ്റന്റ് വാങ്ങിക്കാൻ നടപടികളുമായി കോഡൂർ പഞ്ചായത്ത്. ഉത്തരേന്ത്യയിലേക്കു വൻതോതിൽ കയറ്റിപ്പോയ കുമ്പളത്തിന്റെ നഷ്ടപ്പെട്ട വിത്ത് വീണ്ടും ലഭിച്ചു. ഒരു കാലത്ത് ആഗ്ര പേഡ നിർമിക്കാൻ മലപ്പുറം കോഡൂരിലെ കുമ്പളത്തിനായി കാത്തുനിന്നിരുന്നത് ഉത്തരേന്ത്യയിൽ നിന്നെത്തുന്ന ഡസൻ കണക്കിന് ലോറികളായിരുന്നു.
പ്രദേശത്തുകാരുടെ മുഴുവൻ തൊഴിലും കുമ്പള കൃഷി തന്നെയായിരുന്നു. അന്നത്തെ കാലത്ത് പ്രവാസികളായ പലരും ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി കുമ്പള കൃഷി ചെയ്തതും ചരിത്രമാണ്. 30 കിലോവരെ തൂക്കംവരുന്ന കോഡൂരിലെ കുമ്പളം മൂന്നുമാസംവരെ ഒരു കേടുംവരാതെ നിൽക്കുമായിരുന്നുവെന്നും കോഡൂരിലെ പഴയ കർഷകർ പറയുന്നു. ഇതുകൊണ്ടുതന്നെയാണ് ആഗ്ര പേഡ നിർമിക്കാനുള്ള കുമ്പളത്തിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കോഡൂരിലെത്തിയിരുന്നത്. നാടിന്റെ പേരായ കോഡൂർ കുമ്പളം എന്നു തന്നെയാണ് അന്ന് ഉത്തരേന്ത്യയിലും അറിയപ്പെട്ടിരുന്നത്. എന്നാൽ ഇതെല്ലാം 50 വർഷങ്ങൾക്ക് മുൻപുള്ള കഥയാണ്.
പിന്നീട് കോഡൂർ കുമ്പളം ഇല്ലാതായി. ആദ്യകാലത്ത് ജൈവ കൃഷിയിലൂടെയായിരുന്നു ഇവരുടെ കൃഷി. പിന്നീട് ലാഭത്തിനായി മറ്റു വളങ്ങളും ഇട്ടു തുടങ്ങിയതോടെ വേഗത്തിൽ കേട് സംഭവിക്കാനും തുടങ്ങി. ഇതിനു പുറമേ ഇവിടുത്തെ വിത്തുകൾ കൊണ്ടുപോയി മറ്റു സംസ്ഥാനങ്ങളിലും കൃഷിചെയ്യാനുള്ള ശ്രമങ്ങളും നടന്നു. പിന്നീട് കോഡൂർ കുമ്പള കൃഷിയിൽ പിറകോട്ടുപോയി. ഇതോടെ പഴയ കാലത്തെ വലിയ കുമ്പളം കോഡൂരിൽ കാണാനില്ലാതെയായി. എന്നാൽ ഇപ്പോഴിതാ, നഷ്ടപ്പെട്ടുവെന്ന് കരുതുന്ന കോഡൂർ കുമ്പളത്തിന്റെ വിത്ത് പഞ്ചായത്ത് കണ്ടെത്തിയിരിക്കുകയാണ്.
കോഡൂർ താണിക്കൽ സ്വദേശി കൊളക്കാട്ടിൽ അബു വലിയാട് പാടത്ത് കൃഷി ചെയ്യുന്ന കുമ്പളം പഴയ കോഡൂർ കുമ്പളമാണെന്നാണ് കോഡൂർ പഞ്ചായത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ഇനി വിത്തിന്റെ മറ്റു പരിശോനകൾ കൂടി കഴിഞ്ഞ ശേഷം കോഡൂർ കുമ്പളത്തിന് പ്രത്യേക പേറ്റന്റ് എടുക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. വിത്തിന് കോഡൂർ കുമ്പളം എന്ന പേരിൽ പേറ്റന്റ് എടുക്കാനാണ് നീക്കം.
എഴുപതുകളുടെ ആദ്യത്തിലാണ് കോഡൂർ ഗ്രാമം കുമ്പളങ്ങ കൃഷിയിലേക്ക് വഴിമാറുന്നത്. ആഗ്രയിലെ പ്രധാന മധുരപലഹാരമായ ആഗ്ര പേഡ നിർമാണത്തിനായി നീളൻ കുർത്ത ധരിച്ചവർ കോഡൂരിലെത്തിയതോടെയാണ് തുടക്കം. ഏതാണ്ട് കാൽനൂറ്റാണ്ടോളം കാലം ആ വ്യാപാര ബന്ധം നിലനിന്നു. നീളൻ അശോക് ലയലൻഡ് ലോറികൾ അക്കാലത്ത് കോഡൂരിൽ വരിനിന്നു. ഡബിൾ ഡക്കർ വണ്ടികളിൽ ഒറ്റ ട്രിപ്പിന് 20 ടൺ കുമ്പളങ്ങ വരെ അതിർത്തി കടന്നു.
വള്ളിക്കാടൻ അലവി, തോട്ടുങ്ങൽ മുഹമ്മദ്, അരീക്കാട്ട് കുഞ്ഞാലി, ഹംസ കോതറമ്പത്ത് മൂസ, കമ്മുക്കുട്ടി, പാലോളി മോയീൻ, പുൽപ്പാട്ടിൽ എനിക്കുട്ടി, മക്കളായ അഹമ്മദ്, മുസ, കോയ തുടങ്ങിയവരായിരുന്നു പ്രധാന കുമ്പളങ്ങ കൃഷിക്കാർ. ഇതിൽ ചിലർ ഇന്ന് ജീവിച്ചിരിപ്പില്ല. അക്കാലത്ത് നാലു മാസത്തെ കൃഷികൊണ്ട് താൻ 23 സെന്റ് ഭൂമി അന്നത്തെ വലിയ വിലയായ 62,000 രൂപ കൊടുത്ത് വാങ്ങിയെന്ന് കർഷകനായ വള്ളിക്കാടൻ അലവി പറയുന്നു.