ഓഫ് റോഡിന് വിട, ഇലവീഴാപൂഞ്ചിറയിലേക്ക് ഇനി 'ഓൺ റോഡ്'; ആകാശദൃശ്യം വൈറൽ
കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള പുതിയ റോഡിൻ്റെ ആകാശദൃശ്യം ശ്രദ്ധ നേടുന്നു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് തൻ്റെ ഫേസ്ബുക്ക് പേജിൽ റോഡിൻ്റെ ആകാശദൃശ്യം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തും സർക്കാരിന് അഭിനന്ദനം അറിയിച്ചും രംഗത്തെത്തിയത്. ഇലവീഴാപൂഞ്ചിറ മുതൽ മേലുകാവ് വരെ ആധുനിക നിലവാരത്തിൽ നിർമിച്ച റോഡിൻ്റെ ആകാശദൃശ്യമാണ് വൈറലായിരിക്കുന്നത്.
പച്ചപ്പിനിടയിലൂടെ മലമുകളിലേക്കുള്ള റോഡിൻ്റെ ദൃശ്യം മനം മയക്കുന്നതാണ്. നീണ്ടുനിവർന്നും വളഞ്ഞും പോകുന്ന റോഡിൻ്റെ നിർമാണം പൂർത്തിയായത് അടുത്തിടെയാണ്. മന്ത്രി പങ്കുവെച്ച ദൃശ്യം ഇതുവരെ 66,000 പേർ കണ്ടുകഴിഞ്ഞു. ആയിരത്തിലധികം പേർ പോസ്റ്റ് പങ്കുവെച്ചിട്ടുമുണ്ട്. നവകേരളമാണെന്നും പശ്ചാത്തല രംഗത്തും ടൂറിസം രംഗത്തും കേരളം കുതിക്കട്ടെയെന്നും തുടങ്ങി സർക്കാരിന് അഭിനന്ദനവും ആശംസയും അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ ആവശ്യമായിരുന്ന റോഡ് നിർമാണം പൂർത്തിയായ വിവരം പങ്കുവെച്ച് കഴിഞ്ഞദിവസവും മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഇലവീഴാപൂഞ്ചിറ മുതൽ മേലുകാവ് വരെയുള്ള 5.5 കിലോമീറ്റർ റോഡിൻ്റെ നിർമാണമാണ് പൂർത്തിയായത്. ബിഎം, ബിസി നിലവാരത്തിലാണ് റോഡിൻ്റെ നിർമാണം. ഏറെ നാളായി തകർന്നു കിടന്ന റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു.
അതേസമയം റോഡ് നിർമാണം പൂർത്തിയായതോടെ ഇലവീഴാപൂഞ്ചിറയിലേക്ക് ബസ് സർവീസ് കെഎസ്ആർടിസിയുടെ പരിഗണനയിലാണ്. ഇലവീഴാപൂഞ്ചിറയെയും ഇല്ലിക്കൽകല്ലിനെയും ബന്ധിപ്പിച്ചുള്ള സർവീസാകും കെഎസ്ആർടിസി നടത്തുക. മേലുകാവ് - പെരിങ്ങാലി - കനാൽനാട് - ഇലവീഴാപൂഞ്ചിറ വഴി ഇല്ലിക്കൽകല്ലിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തണമെന്ന് പ്രാദേശികതലത്തിലും ആവശ്യം ഉയർന്നിട്ടുണ്ട്. ബസ് സർവീസ കൂടി ആരംഭിച്ചാൽ ഇരു വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും വികസനത്തിന് മുതൽകൂട്ടാകും.